മെസ്സി ബാഴ്‌സ വിടുന്നു? ഫുട്ബോൾ ലോകത്ത് അഭ്യൂഹങ്ങൾ!

ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. ഇന്ന് പുലർച്ചെയോടെയാണ് പ്രമുഖസ്പാനിഷ് മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ട് താരം ക്ലബ്‌ വിട്ടേക്കുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നത്. നിലവിൽ താരത്തിന്റെ ബാഴ്സയുമായുള്ള കരാർ 2021 വരെയാണെന്നും കരാർ പുതുക്കാൻ താരത്തിന് താല്പര്യമില്ല എന്നുമാണ് റിപ്പോർട്ടുകൾ. ഇതിനാൽ തന്നെ അടുത്ത സീസൺ അവസാനിച്ചാൽ മെസ്സി ബാഴ്സ വിട്ട് മറ്റൊരു തട്ടകം തേടി പോവുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. സ്പാനിഷ് മാധ്യമമായ കാഡെന സെർ (Cadena Ser ) ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ സ്പാനിഷ് മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ട് യൂറോപ്പിലെ ചില മുൻനിര മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തിട്ടുണ്ട്.

ക്ലബ്ബിനകത്ത് പുകയുന്ന പ്രശ്നങ്ങളാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാഴ്സക്ക് നല്ല കാലമല്ല. 2015 നു ശേഷം ചാമ്പ്യൻസ് ലീഗിൽ നല്ലൊരു മുന്നേറ്റം നടത്താൻ ബാഴ്സക്ക് സാധിച്ചിട്ടില്ല. ഇതുകൂടാതെ ബാഴ്സയുടെ ഡയറക്ടർമാരിൽ ഒരാളായ എറിക് അബിദാലുമായി മെസ്സിക്ക് അഭിപ്രായവിത്യാസം ഉണ്ട്. വാൽവേർദേയുടെ പരിശീലകകാലത്ത് ഇത് മറനീക്കി പുറത്ത് വരികയും ചെയ്തിരുന്നു. മുൻ പരിശീലകനായ വാൽവേർദേ, നിലവിലെ കോച്ച് സെറ്റിയൻ എന്നിവരൊന്നുമായും മെസ്സി നല്ല ബന്ധത്തിൽ അല്ലായിരുന്നു. കൂടാതെ ബാഴ്സയുടെ ട്രാൻസ്ഫറുകൾ എല്ലാം തന്നെ മെസ്സിക്ക് താല്പര്യമില്ലാത്തത് ആയിരുന്നു.

ഗ്രീസ്‌മാൻ, കൂട്ടീഞ്ഞോ, ഡെംബലെ എന്നീ ട്രാൻസ്ഫറുകളിൽ ഒന്നും തന്നെ മെസ്സി തൃപ്തൻ ആയിരുന്നില്ല. ആർതർ ട്രാൻസ്ഫറും മെസ്സിക്ക് ഇഷ്ടക്കേട് സൃഷ്ടിച്ചു എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ബാഴ്സ നിലവിൽ നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയും ബാഴ്സ മാനേജ്മെന്റിന്റെ പിന്തിരിപ്പൻ നയങ്ങളുമെല്ലാം തന്നെ മെസ്സിക്ക് മടുപ്പ് ഉളവാക്കുന്ന കാര്യങ്ങൾ ആണ് എന്നാണ് പറയപ്പെടുന്നത്. ഈ കാരണങ്ങൾ ഒക്കെ തന്നെയുമാണ് മെസ്സിയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത് എന്നാണ് വാർത്തകൾ. എന്നാൽ കൂടുതൽ ആധികാരികമായ വാർത്തകൾക്ക് വേണ്ടി കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *