നാപോളിയോട് നാണംകെട്ട് ലിവർപൂൾ,ലെവന്റോസ്ക്കിയുടെ ഹാട്രിക്കിൽ മിന്നും വിജയവുമായി ബാഴ്സ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് നാപ്പോളി ലിവർപൂളിന് തകർത്തു വിട്ടത്.നാപോളിയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ സെലിൻസ്ക്കി ഇരട്ട ഗോളുകൾ നേടുകയായിരുന്നു.അങ്കുയ്സ,സിമയോണി എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.ഡയസ് ലിവർപൂളിന്റെ ആശ്വാസ ഗോൾ നേടി. ഒരു അപ്രതീക്ഷിത തിരിച്ചടിയാണ് ഈ വമ്പൻ തോൽവിയിലൂടെ ഇപ്പോൾ ലിവർപൂളിനും ക്ലോപിനും ലഭിച്ചിട്ടുള്ളത്.

അതേസമയം മറ്റൊരു മത്സരത്തിൽ എഫ് സി ബാഴ്സലോണ ഗോൾ മഴ പെയ്യിച്ചു കൊണ്ട് വരവറിയിച്ചിട്ടുണ്ട്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സ വിക്ടോറിയ പ്ലസനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയുടെ ഹാട്രിക്കാണ് ബാഴ്സക്ക് ഈ ഒരു വിജയം സമ്മാനിച്ചത്.കെസ്സി,ടോറസ് എന്നിവർ ബാഴ്സയുടെ ശേഷിച്ച ഗോളുകൾ നേടി.ഡെമ്പലെ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് മത്സരത്തിൽ മികച്ചുനിന്നു.

മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാഴ്സെയെ പരാജയപ്പെടുത്തിയിട്ടുണ്ട്. സൂപ്പർതാരം റിച്ചാർലീസണാണ് ഹെഡറിലൂടെ ഈ രണ്ടു ഗോളുകളും നേടിയിട്ടുള്ളത്. അതേസമയം വമ്പൻമാരുടെ പോരാട്ടത്തിൽ ബയേൺ വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാനെ ബയേൺ പരാജയപ്പെടുത്തിയത്.സാനെ,ഡി ആംബ്രോസിയോ എന്നിവരാണ് ഗോളുകൾ നേടിയത്.

ഒന്നിനെതിരെ 2 ഗോളുകൾക്ക് പോർട്ടോയെ പരാജയപ്പെടുത്താൻ അത്ലറ്റിക്കോക്ക് സാധിച്ചിട്ടുണ്ട്.ഹെർമോസോ,ഗ്രീസ്മാൻ എന്നിവരാണ് അത്ലറ്റിക്കോയുടെ ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ ക്ലബ്ബ് ബ്രൂഗെ എതിരില്ലാത്ത ഒരു ഗോളിന് ലെവർകൂസനെ തോൽപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *