മെസ്സിയില്ലെങ്കിൽ ബാഴ്സ ലാലിഗയിൽ പതിനൊന്നാം സ്ഥാനത്ത്, വിചിത്രമായ കണക്കുകൾ ഇങ്ങനെ

മെസ്സി എന്ന താരത്തെ ബാഴ്സ അമിതമായി ആശ്രയിക്കുന്നു എന്നുള്ളത് കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി നാം സ്ഥിരമായി കണ്ടു വരുന്ന ഒന്നാണ്. ഏണസ്റ്റോ വാൽവെർദേ പരിശീലകസ്ഥാനം ഏറ്റെടുത്തത് മുതൽ ഒട്ടേറെ മത്സരങ്ങളിൽ ബാഴ്സ വിജയിച്ചു കയറിയത് മെസ്സിയുടെ ബലത്തിലായിരുന്നു. ഒടുക്കം ബാഴ്സയുടെ താളം തന്നെ നഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തെ പുറത്താക്കുകയും പകരം സെറ്റിയനെ പുതിയ പരിശീലകനായി നിയമിക്കുകയും ചെയ്തു. പക്ഷെ ബാഴ്സയെ പഴയ രീതിയിലേക്കെത്തിക്കാനോ ഒരു ടീം എന്ന നിലയിൽ ബാഴ്സ മികച്ച രീതിയിൽ വാർത്തെടുക്കാനോ സെറ്റിയനും കഴിഞ്ഞിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇന്നലെയും മെസ്സിയുടെ രണ്ട് അസിസ്റ്റുകളിൽ നിന്നാണ് ബാഴ്സ ഗോളുകൾ നേടിയെന്നുള്ളത് മെസ്സിയുടെ സാന്നിധ്യം ബാഴ്സക്ക് എത്രത്തോളം വലുതാണ് എന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ മൂന്നാല് മത്സരങ്ങൾ മെസ്സിയെ ബാഴ്സ അമിതമായി ആശ്രയിക്കുന്നു എന്നുള്ളതിന് ഉദാഹരണമാണ്. ഇന്നലത്തെ മത്സരം മാറ്റിനിർത്തിയാൽ സുവാരസും ഗ്രീസ്‌മാനുമൊക്കെ ഗോൾ നേടാൻ നന്നായി ബുദ്ദിമുട്ടുണ്ട്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മെസ്സി തന്നെ ഗോൾ നേടാൻ ക്ഷാമം അനുഭവിക്കുന്നുണ്ട്. ഒരുപക്ഷെ മെസ്സി സെറ്റിയന് കീഴിൽ ഇല്ലായിരുന്നുവെങ്കിൽ ബാഴ്സയുടെ സ്ഥിതി എന്താവുമെന്നുള്ളത് രസകരമായ സംഗതിയാണ്. വിചിത്രമായ കണക്കുകൾ ഇങ്ങനെയാണ്.

സെറ്റിയന് കീഴിൽ ഗോളും അസിസ്റ്റുമായി പത്തൊൻപത് ഗോളിൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അതായത് ബാഴ്സ ആകെ നേടിയ ഗോളുകളിൽ 83 ശതമാനവും മെസ്സിയുടെ പങ്കാളിത്തത്തോടെയാണ് ബാഴ്സ നേടിയത്. ബാക്കി വരുന്ന പതിനേഴ് ശതമാനം മാത്രമാണ് സെറ്റിയന് കീഴിൽ മെസ്സിയുടെ സാന്നിധ്യമില്ലാതെ മറ്റു താരങ്ങൾ സ്വന്തമായി നേടിയത്. സുവാരസ്, ഗ്രീസ്‌മാൻ, ഫാറ്റി, ബ്രാത്വെയിറ്റ് എന്നിവരൊക്കെ അടങ്ങുന്ന നിരയാണ് എന്നോർക്കണം. മെസ്സി എന്ന താരം ഇല്ലായിരുന്നുവെങ്കിൽ ഈ എൺപത്തിമൂന്നു ശതമാനം ഗോളുകളും പിറക്കില്ലായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നേൽ ലാലിഗയിൽ ബാഴ്സ തലപ്പത്ത് ഉണ്ടാവില്ല. പകരം ആ മത്സരങ്ങളിലെ പോയിന്റുകൾ ഡ്രോപ്പ് ചെയ്തു നിലവിൽ ലാലിഗയിൽ ബാഴ്സ പതിനൊന്നാം സ്ഥാനത്ത് ഇരുന്നേനെ. ഇതാണ് സെറ്റിയന് കീഴിലുള്ള കണക്കുകൾ. വാൽവെർദേയിൽ നിന്നും ഒരു മാറ്റവും കൊണ്ട് വരാൻ സെറ്റിയന് കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാണ്. മെസ്സിയെ മാത്രം ആശ്രയിച്ച് ബാഴ്സ അധികകാലം മുന്നോട്ട് പോവാൻ സാധിക്കില്ല. കൂടാതെ ബാഴ്സ മാനേജ്മെന്റിന്റെ പിന്തിരിപ്പൻ നയങ്ങളും ബാഴ്സയുടെ മോശം പ്രകടനവുമൊക്കെ ആരാധകർക്കിടയിൽ വലിയ വിമർശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *