മെസ്സി സംസാരിച്ചാൽ അർജന്റീനയുടെ പ്രസിഡന്റ്‌ വരെ മിണ്ടാതിരിക്കും : എമി മാർട്ടിനെസ്!

അർജന്റൈൻ ദേശീയ ടീമിനൊപ്പം ഒരു നല്ല സമയത്തിലൂടെയാണ് സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കിരീടം നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു.ഈയിടെ ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന ഫൈനലിസിമ കിരീടവും ചൂടിയിട്ടുണ്ട്.

ഏതായാലും ലയണൽ മെസ്സിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തിന്റെ സഹതാരവും സുഹൃത്തുമായ എമിലിയാനോ മാർട്ടിനസ് പങ്കുവെച്ചിട്ടുണ്ട്. അതായത് മെസ്സി സംസാരിക്കുമ്പോൾ തനിക്ക് വിറയൽ അനുഭവപ്പെട്ടു എന്നാണ് മാർട്ടിനെസ് പറഞ്ഞിട്ടുള്ളത്. മെസ്സി സംസാരിക്കുകയാണെങ്കിൽ അർജന്റീനയുടെ പ്രസിഡന്റ് വരെ മിണ്ടാതിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വീഡിയോയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. എമിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” കോപ്പാ അമേരിക്ക ശേഷം മെസ്സി ഞങ്ങളോട് സംസാരിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ അവസാനത്തേത് ആണെന്നും താൻ എല്ലാം നൽകാൻ പോവുകയാണ് എന്നുമായിരുന്നു മെസ്സി പറഞ്ഞിരുന്നത്. മെസ്സി സംസാരിക്കുന്ന സമയത്ത് എനിക്ക് ചെറിയ രൂപത്തിലുള്ള വിറയൽ അനുഭവപ്പെട്ടു. മെസ്സി സംസാരിക്കുകയാണെങ്കിൽ എല്ലാവരും മിണ്ടാതിരിക്കും.അതിപ്പോ അർജന്റീനയുടെ മാനേജറാണെങ്കിലും അർജന്റീനയുടെ പ്രസിഡന്റ് ആണെങ്കിലും മിണ്ടാതിരിക്കുക തന്നെ ചെയ്യും ” ഇതാണ് അർജന്റൈൻ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ അർജന്റീനയുടെ മത്സരത്തിൽ അഞ്ച് ഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു. ഇതോടുകൂടി അർജന്റീനക്ക് വേണ്ടി മെസ്സി 86 ഗോളുകൾ പൂർത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *