മെസ്സിയും സംഘവും നിറഞ്ഞാടി,അസൂറിപടയെ പഞ്ഞിക്കിട്ട് കിരീടം ചൂടി അർജന്റീന!

ഫൈനലിസിമ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനക്ക് മുന്നിൽ തകർന്ന് തരിപ്പണമായി യുറോ കപ്പ് ചാമ്പ്യൻമാരായ ഇറ്റലി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മെസ്സിയും സംഘവും ഇറ്റലിയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഫൈനലിസിമ കിരീടം ചൂടാനും അർജന്റീനക്ക് സാധിച്ചു. ഫുട്ബോൾ ചരിത്രത്തിൽ രണ്ടാം തവണയാണ് ഫൈനലിസിമ കിരീടം അർജന്റീന സ്വന്തമാക്കുന്നത്.

ലയണൽ മെസ്സി,ലൗറ്ററോ,ഡി മരിയഎന്നീ സൂപ്പർ താരങ്ങളെ അണിനിരത്തി കൊണ്ടാണ് അർജന്റീന കളത്തിലേക്കിറങ്ങിയത്.ബെലോട്ടി,ബെർണാഡ്ഷി,റാസ്പഡോരി എന്നിവരായിരുന്നു ഇറ്റലിയുടെ മുന്നേറ്റനിരയിൽ. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് അർജന്റീന പുറത്തെടുത്തത്.

28-ആം മിനുട്ടിൽ മെസ്സിയുടെ അളന്നു മുറിച്ച അസിസ്റ്റിൽ നിന്ന് ലൗറ്ററോയാണ് ആദ്യ ഗോൾ കണ്ടെത്തിയത്.ആദ്യപകുതിയുടെ അധികസമയത്ത് ഡി മരിയയുടെ ഗോൾ വന്നു.ലൗറ്ററോയായിരുന്നു അസിസ്റ്റ് നൽകിയത്. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് അർജന്റീന ഗോൾ പട്ടിക പൂർത്തിയാക്കിയത്.മെസ്സിയുടെ മുന്നേറ്റത്തിനൊടുവിൽ ഡിബാല ഫിനിഷ് ചെയ്യുകയായിരുന്നു. ഗോൾ നേടിയില്ലെങ്കിലും 2 അസിസ്റ്റുകളുമായി മെസ്സി കളം നിറഞ്ഞു കളിച്ചു.

ഇതോടെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 32 മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *