അവസാന മത്സരത്തിനൊരുങ്ങുന്ന ഡി മരിയയെ പ്രശംസിച്ച് പോച്ചെട്ടിനോ!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന അവസാന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ മെറ്റ്സാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുകയാണ്.അദ്ദേഹം ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിടുമെന്നുള്ള കാര്യം പിഎസ്ജി തന്നെ സ്ഥിരീകരിച്ചിരുന്നു.ഇന്ന് താരത്തിന് ഒരു ഗംഭീര യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.
ഏതായാലും ഡിമരിയയെ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ ഇന്നലത്തെ പത്രസമ്മേളനത്തിൽ പ്രശംസിച്ചിട്ടുണ്ട്.ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഡിമരിയ എന്നാണ് പോച്ചെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pochettino Speaks Out on Di Maria’s PSG Legacy Ahead of the Ligue 1 Fixture vs. Metz https://t.co/HQ74kivQfX
— PSG Talk (@PSGTalk) May 20, 2022
” എന്നെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു താരമാണ് എയ്ഞ്ചൽ ഡി മരിയ. അത്ഭുതപ്പെടുത്തുന്ന ഒരു കരിയർ അദ്ദേഹത്തിനുണ്ട്. പിഎസ്ജിയിലെ ഈ ഏഴ് വർഷക്കാലയളവിനുള്ളിൽ നിരവധി നേട്ടങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.
2015-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിന്നായിരുന്നു താരം പിഎസ്ജിയിൽ എത്തിയത്. ഈ സീസണിൽ ലീഗ് വണ്ണിൽ 10 ഗോൾ പങ്കാളിത്തങ്ങൾ താരം വഹിച്ചിട്ടുണ്ട്.പിഎസ്ജിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകളുള്ള താരവും ഡി മരിയ തന്നെയാണ്.