ആരും പ്രതീക്ഷിക്കാതെ സെമിയിലെത്തിയ രണ്ട് ടീമുകളുണ്ട് : ആഞ്ചലോട്ടി പറയുന്നു!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന ആദ്യഭാഗം സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരുടെ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നേ നടന്ന പത്രസമ്മേളനത്തിൽ റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി പല കാര്യങ്ങളും സംസാരിച്ചിരുന്നു.റയൽ മാഡ്രിഡും വിയ്യാറയലും സെമി ഫൈനലിൽ എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 26, 2022
” ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ എത്തുമെന്ന് ആരുംതന്നെ വിശ്വസിക്കാത്ത രണ്ട് ടീമുകളാണ് റയൽ മാഡ്രിഡും വിയ്യാറയലും. ആ സമയത്ത് മാധ്യമങ്ങളും ആളുകളും എന്താണ് പറഞ്ഞിരുന്നതെന്ന് എനിക്കോർമ്മയുണ്ട്. ഇപ്പോഴിതാ ഞങ്ങളിവിടെ എത്തിച്ചേർന്നിരിക്കുന്നു. അക്കാര്യത്തിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ്.റയൽ മാഡ്രിഡ് എപ്പോഴും പോരാടി കൊണ്ടിരിക്കുന്ന ഒരു ടീമാണ് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
വമ്പൻമാരായ പിഎസ്ജി,ചെൽസി എന്നിവരെയൊക്കെ മറികടന്ന് കൊണ്ടാണ് റയൽ മാഡ്രിഡ് സെമിയിൽ എത്തിയത്.അതേസമയം യുവന്റസ്,ബയേൺ മ്യൂണിക്ക് എന്നിവരെയൊക്കെ അട്ടിമറിച്ചാണ് വിയ്യാറയൽ സെമി ഫൈനലിന് യോഗ്യത നേടിയത്.