ബാഴ്സയുടെ യുവസൂപ്പർ താരത്തിൽ കണ്ണുംനട്ട് പിഎസ്ജി!

എഫ്സി ബാഴ്സലോണയിൽ നിന്നും സൂപ്പർതാരങ്ങളെ റാഞ്ചുക എന്നുള്ളത് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം അപരിചിതമായ ഒരു കാര്യമല്ല. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,സാവി സിമൺസ് എന്നിവരെ പിഎസ്ജി ബാഴ്സയിൽ നിന്നായിരുന്നു സ്വന്തമാക്കിയിരുന്നു. കൂടാതെ മറ്റൊരു സൂപ്പർ താരമായ ലയണൽ മെസ്സി ബാഴ്സ വിട്ടുകൊണ്ട് എത്തിച്ചേർന്നത് പിഎസ്ജിയിലേക്കായിരുന്നു.

ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ബാഴ്സയിൽ നിന്നും സ്വന്തമാക്കാൻ പിഎസ്ജി ആഗ്രഹിക്കുന്നുണ്ട്. ബാഴ്സയുടെ യുവസൂപ്പർതാരമായ ഗാവിയെയാണ് പിഎസ്ജി ലക്ഷ്യം വെച്ചിരിക്കുന്നത്.പിഎസ്ജിയെ കൂടാതെ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിനും താരത്തിൽ താല്പര്യമുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടുത്ത സീസണിലാണ് ഗാവിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുക. ഈ കരാർ പുതുക്കാൻ ഇതുവരെ ബാഴ്സക്ക് സാധിച്ചിട്ടില്ല. ഉടൻതന്നെ ബാഴ്സ ഗൗരവത്തിലുള്ള ചർച്ചകൾ തുടങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്. താൻ അർഹിക്കുന്ന ഒരു മികച്ച ഓഫർ ലഭിക്കണമെന്ന നിലപാടിലാണ് ഈ സ്പാനിഷ് സൂപ്പർതാരമുള്ളത്.താരത്തിന്റെ കരാർ പുതുക്കാൻ കഴിയുമെന്ന് തന്നെയാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്.

നിലവിൽ ബാഴ്സയുടെ നിർണായക താരങ്ങളിലൊരാളാണ് ഗാവി.സാവിക്ക് കീഴിൽ മികച്ച പ്രകടനമാണ് താരമിപ്പോൾ കാഴ്ചവെക്കുന്നത്. ലാലിഗയിൽ 27 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *