ക്രിസ്റ്റ്യാനോ പോയത് ലാലിഗയെ ബാധിച്ചിട്ടില്ല, കാരണം ഞങ്ങൾക്ക് മെസ്സിയുണ്ട് : ലാലിഗ പ്രസിഡന്റ്‌

2018 വരെ ലാലിഗയും ഫുട്ബോൾ ലോകവും അടക്കി ഭരിച്ചുകൊണ്ടിരുന്ന താരങ്ങളായിരുന്നു ക്രിസ്റ്റ്യാനോയും മെസ്സിയും. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടു യുവന്റസിലേക്ക് ചേക്കേറിയതോടെ ലാലിഗയിലെ ഈ മത്സരം അവസാനിച്ചു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൊഴിഞ്ഞുപോക്ക് ലാലിഗയെ ഇതുവരെ ബാധിച്ചിട്ടില്ലെന്നറിയിച്ചിരിക്കുകയാണ് ലാലിഗ പ്രസിഡന്റ്‌ ഹവിയർ ടെബാസ്‌. കഴിഞ്ഞ ദിവസം ആർഎസി വൺ എന്ന റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. റൊണാൾഡോ പോയത് ലാലിഗയെ ബാധിച്ചിട്ടില്ലെന്നും എന്തെന്നാൽ ഞങ്ങൾക്ക് ഇവിടെ മെസ്സിയുണ്ടെന്നും അറിയിച്ചു. മെസിയൊഴികെ മറ്റേത് താരത്തിനേക്കാളും ലാലിഗ വളർന്നിട്ടുണ്ടെന്നും മെസ്സി ലീഗ് വിട്ടാൽ തീർച്ചയായും അത് ലാലിഗയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്പാനിഷ് ഫുട്ബോളിന്റെ ഐക്കണാണ് മെസ്സിയെന്നും ലാലിഗയിൽ തന്നെ അദ്ദേഹം തന്റെ കരിയർ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

” തീർച്ചയായും അദ്ദേഹം ക്ലബ്‌ വിട്ടത് റയൽ മാഡ്രിഡ്‌ ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു. പക്ഷെ ലാലിഗയിൽ അദ്ദേഹത്തിന്റെ വിടവ് വളരെ ചെറിയ തോതിൽ മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ. എന്തെന്നാൽ ലാലിഗ ഓരോ വ്യക്തിഗത താരങ്ങളെക്കാളും വലിയ ബ്രാൻഡായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ മെസ്സി ഇതിൽ നിന്നും വ്യത്യസ്തനാണ്. അദ്ദേഹം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹമെപ്പോഴും ഞങ്ങളുടെ ലീഗിനൊരു മുതൽകൂട്ടായിരുന്നു. അദ്ദേഹം ലീഗ് വിട്ടാൽ തീർച്ചയായും അത് ഞങ്ങളെ ബാധിക്കും. പ്രത്യേകിച്ച് അദ്ദേഹം മറ്റൊരു ലീഗിലേക്ക് മാറുകയാണെങ്കിൽ. സ്പാനിഷ് ഫുട്ബോളിന്റെ ഐക്കണാണ് മെസ്സി. അദ്ദേഹം ഇവിടെ തന്നെ വിരമിക്കണമെന്നാണ് എന്റെ ആഗ്രഹം ” ടെബാസ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *