വീരോചിതം ബ്ലാസ്റ്റേഴ്സ്,ഇനി അങ്കം ഫൈനലിൽ!

അങ്ങനെ ആറു വർഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽകൂടി ഐഎസ്എല്ലിന്റെ കലാശപോരാട്ടത്തിന് ഒരുങ്ങുകയാണ്.ഷീൽഡ് ജേതാക്കളെന്ന തലയെടുപ്പോടെ സെമി ഫൈനലിന് എത്തിയ ജംഷഡ്പൂർ എഫ്സിയെ പൊരുതി തോൽപ്പിച്ചു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊല കൊമ്പന്മാർ ഫൈനലിലേക്ക് ടിക്കറ്റ് നേടിയത്. രണ്ടാംപാദ സെമി ഫൈനൽ 1-1 എന്ന സ്കോറിൽ അവസാനിച്ചതോടെ കൂടി ആകെ 2-1 എന്ന സ്കോറിന് ജംഷഡ്പൂരിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിന് എത്തുന്നത്.

പരിക്കേറ്റ സഹലിന് ഇന്നത്തെ മത്സരത്തിൽ ഇടം ലഭിച്ചിരുന്നില്ല. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വാസ്കസിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ കഴിഞ്ഞില്ല.മത്സരത്തിന്റെ 18-ആം മിനുട്ടിലാണ് ലൂണയുടെ ഗോൾ പിറക്കുന്നത്.വാസ്‌ക്കസിൽ നിന്നും ബോൾ സ്വീകരിച്ച താരം ജംഷഡ്പൂർ താരങ്ങളെ കബളിപ്പിച്ചുകൊണ്ട് അതിസുന്ദരമായ ഒരു ഗോൾ നേടുകയായിരുന്നു.ഈ ഗോളിന്റെ ലീഡിൽ ആണ് ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയിൽ കളം വിട്ടത്. ആദ്യപകുതിയിൽ പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ നിർഭാഗ്യം വേട്ടയാടിയിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറി. തുടക്കത്തിൽ തന്നെ JFC ഒരു ഗോൾ തിരിച്ചടിച്ചു.ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പ്രണോയ് ആണ് ഗോൾ നേടിയത്.പിന്നീട് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് ഉൾവലിയുകയായിരുന്നു. അങ്ങനെ അവസാനം വരെ പൊരുതി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഫൈനൽ പ്രവേശനം സാധ്യമാക്കിയത്.

ഇനി രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തിൽ ATK മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിയുമാണ് കൊമ്പ്കോർക്കുക. ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹൈദരാബാദ് വിജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഹൈദരാബാദ് ആവാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *