പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം പോർച്ചുഗല്ലിലേക്ക്? റൂമർ

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡിമരിയയുടെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടുകൂടിയാണ് അവസാനിക്കുക.കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തുടരാൻ തനിക്ക് താല്പര്യമുണ്ട് എന്നുള്ള കാര്യം നേരത്തെ ഡി മരിയ അറിയിച്ചിരുന്നു. എന്നാൽ താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജി താല്പര്യപ്പെടുന്നില്ല.അത്കൊണ്ട് തന്നെ ഡി മരിയ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജി വിടാനാണ് സാധ്യതകൾ കാണുന്നത്.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ഒരു ട്രാൻസ്ഫർ റൂമർ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് ഡി മരിയയെ തിരികെ ക്ലബ്ബിലേക്ക് എത്തിക്കാൻ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫികക്ക് താല്പര്യമുണ്ട്. പോർച്ചുഗീസ് മാധ്യമമായ റെക്കോർഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.താരത്തിന്റെ കാര്യത്തിൽ ബെൻഫിക്ക നിരീക്ഷണങ്ങൾ നടക്കുന്നുണ്ട് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മുമ്പ് ബെൻഫിക്കക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡി മരിയ.2007 മുതൽ 2010 വരെയായിരുന്നു താരം ഈ പോർച്ചുഗീസ് ക്ലബ്ബിൽ ചിലവഴിച്ചത്.ആകെ 124 മത്സരങ്ങൾ കളിച്ച താരം മൂന്നു കിരീടങ്ങളും ക്ലബ്ബിനോടൊപ്പം നേടിയിട്ടുണ്ട്. അതിനുശേഷം ഡി മരിയ റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു.

ഏതായാലും ബെൻഫിക്ക സമീപിച്ചാൽ താരം ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും എടുക്കുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.ഡി മരിയയുടെ അർജന്റൈൻ സഹതാരമായ നിക്കോളാസ് ഓട്ടമെന്റി നിലവിൽ ബെൻഫിക താരമാണ്.അദ്ദേഹവും ഇക്കാര്യത്തിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *