പാരീസല്ല അർജന്റീന,ഇവിടെയെത്തുമ്പോൾ മെസ്സി മാറും : അയാള

സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം കരിയറിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് അദ്ദേഹം ഇപ്പോൾ കടന്നുപോകുന്നത്.പിഎസ്ജിയിലേക്ക് എത്തിയ താരത്തിന് ഇതുവരെ തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായതോടെ വലിയ വിമർശനങ്ങൾ മെസ്സിക്ക് ഏൽക്കേണ്ടി വന്നിരുന്നു.പിഎസ്ജിയുടെ സ്വന്തം ആരാധകർ തന്നെ മെസ്സിയെ കൂവി വിളിക്കുകയും ചെയ്തിരുന്നു.

ഏതായാലും അർജന്റീനയുടെ ഇതിഹാസതാരവും ടീമിന്റെ ഭാഗവുമായ റോബർട്ടോ അയാള മെസ്സിയെ കുറിച്ച് ചില കാര്യങ്ങൾ പങ്കുവച്ചിരുന്നു.അതായത് പാരീസിലെ അന്തരീക്ഷമല്ല അർജന്റീനയിൽ ഉള്ളതെന്നും ഇവിടെ എത്തുമ്പോൾ മെസ്സി മാറുമെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അതായത് മെസ്സി അർജന്റീനയിൽ എത്തിയാൽ മികച്ച പ്രകടനം നടത്തുമെന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞദിവസം റേഡിയോ ലാ റെഡിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.അയാളയുടെ വാക്കുകൾ ഇങ്ങനെയാണ്.

” പാരീസിലെ അന്തരീക്ഷമല്ല ഇവിടെ ഉള്ളത്.അത്കൊണ്ട് തന്നെ മെസ്സി ഇവിടെ എത്തുമ്പോൾ അതിൽനിന്നെല്ലാം മുക്തനാവും. ഇവിടെ വളരെ മികച്ച ഒരു ഗ്രൂപ്പാണ് ഉള്ളത്. എല്ലാവരും അത് ആസ്വദിക്കുന്നു. ഞങ്ങൾ ഉദ്ദേശിച്ച രൂപത്തിലുള്ള പ്രകടനമാണ് പരിശീലനത്തിൽ എല്ലാവരും പുറത്തെടുക്കുന്നത്. എല്ലാവരും കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യുന്നതുകൊണ്ട് ഞങ്ങൾക്കും എളുപ്പമാണ്. മെസ്സി എല്ലാവരുടെയും ആരാധനാപാത്രമാണ്.പക്ഷെ മറ്റെല്ലാവരെ പോലെ ഒരാൾ മാത്രമായി പരിഗണിക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇവിടെ എല്ലാം നല്ല രൂപത്തിലാണ് പോകുന്നത്. മെസ്സി മികച്ച നിലയിലാണ്,അദ്ദേഹം ആസ്വദിക്കുന്നുണ്ട്. കളത്തിൽ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും അദ്ദേഹത്തിൽ ഞാനൊരു നായകനെ കാണുന്നുണ്ട്. അത് ഞങ്ങൾക്ക് ഒരുപാട് പ്രിയപ്പെട്ട കാര്യമാണ് ” അയാള പറഞ്ഞു.

ഈ മാസം രണ്ട് വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളാണ് അർജന്റീന കളിക്കുക.ഈ മത്സരങ്ങളിൽ മെസ്സി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *