വോൾവ്‌സിന്റെ രണ്ട് സൂപ്പർ താരങ്ങളെ ലക്ഷ്യമിട്ട് ക്ലോപ്

വോൾവ്‌സിന്റെ രണ്ട് സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന വോൾവ്‌സിന്റെ റൂബൻ നെവെസിനെയും അഡമ ട്രവോറെയുമാണിപ്പോൾ ക്ലോപിന്റെ ലക്ഷ്യം. ഈ സീസണോടെ ലിവർപൂൾ വിടുന്ന താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലിവർപൂൾ പരിശീലകൻ. ഏകദേശം നൂറ്റിപ്പത്ത് മില്യൺ പൗണ്ടാണ് ഇരുവർക്കും വേണ്ടി ലിവർപൂൾ ചിലവഴിക്കേണ്ടി വരിക എന്നാണ് കണക്കുക്കൂട്ടുന്നത്.ഇംഗ്ലീഷ് മാധ്യമമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയ ട്രവോറെയെയും മധ്യനിരയിലെ പുത്തൻ താരോദയമായ റൂബൻ നെവെസിനെയും ടീമിലെത്തിക്കാൻ കഴിഞ്ഞാൽ വരുന്ന സീസണുകളിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ് ക്ലോപ്.

ഈ സീസൺ അവസാനിക്കുന്നതോടെ ഷെർദാൻ ഷാക്കിരിയും ആദം ലല്ലാനയും ലിവർപൂൾ വിട്ടേക്കുമെന്നാണ് സൂചനകൾ. ഇവരെ കൂടാതെ ഗിനി വൈനാൾഡം, നബി കെയ്റ്റ, ഡിവോക് ഒറിഗി എന്നിവരും തങ്ങളുടെ ഭാവിയെ കുറിച്ച് തീരുമാനമെടുത്തിട്ടില്ല. ഇതിനാൽ കൂടുതൽ മധ്യനിര താരങ്ങളെയാണ് ക്ലോപ് ലക്ഷ്യം വെക്കുന്നത്. താരങ്ങൾക്ക് വേണ്ടി ലിവർപൂൾ വോൾവ്‌സിനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം വോൾവ്‌സ് സ്ഥിരീകരിച്ചിട്ടില്ല. ഈ സീസണിൽ ഒന്നാമതാണ് ലിവർപൂൾ. അതേ സമയം വോൾവ്‌സ് ആറാമതുമാണ്. വോൾവ്‌സിന്റെ കുതിപ്പിന് ഏറെ സഹായിച്ച ഈ രണ്ട് താരങ്ങളെ ക്ലബ്‌ കൈവിടുമോ എന്ന് കണ്ടറിയേണ്ടതാണ്. ബാഴ്സയിലൂടെ വളർന്ന ട്രവോറ ഈ സീസണിൽ നാല് ഗോളും ഏഴ് അസിസ്റ്റും കണ്ടെത്തി കഴിഞ്ഞു. അറ്റാക്കിങ്ങിലും ഡിഫൻഡിങ്ങിലും ഒരുപോലെ ടീമിനെ സഹായിക്കുന്ന താരങ്ങളിലൊരാളാണ് ട്രവോറ. അതേസമയം 2017-ൽ പോർട്ടോയിൽ നിന്നാണ് നെവെസ് വോൾവ്‌സിലേക്ക് എത്തിയത്. ഇരുപത്തിമൂന്നുകാരനായ താരം മധ്യനിരയിൽ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *