മെസ്സിയുടെ കാര്യത്തിൽ നിങ്ങൾ സൂക്ഷിക്കണം, വിമർശകർക്ക് മുന്നറിയിപ്പുമായി ഫാബ്രിഗസ്!
കഴിഞ്ഞ റയലിനെതിരെയുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഒരു പെനാൽറ്റി പാഴാക്കിയിരുന്നു. വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് ഇതുവഴി മെസ്സിക്ക് ലഭിച്ചത്. പ്രത്യേകിച്ച് ഫ്രഞ്ച് മാധ്യമങ്ങളായിരുന്നു മെസ്സിയെ രൂക്ഷ വിമർശനങ്ങൾക്ക് വിധേയമാക്കിയത്.
എന്നാൽ മെസ്സിയുടെ വിമർശകർക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മെസ്സിയുടെ മുൻ സഹതാരമായിരുന്ന സെസ്ക് ഫാബ്രിഗസ്.മെസ്സിയെ വിമർശിക്കുമ്പോൾ സൂക്ഷിക്കണമെന്നും ഉടൻ തന്നെ മറുപടി നൽകാൻ കഴിവുള്ള താരമാണ് മെസ്സിയെന്നുമാണ് ഫാബ്രിഗസ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം മുണ്ടോ ഡിപ്പോർട്ടിവോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫാബ്രിഗസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 19, 2022
” ഞാൻ ചില കാര്യങ്ങൾ വായിച്ചിരുന്നു,അതൊക്കെ മെസ്സിയുടെ റയലിനെതിരെയുള്ള പ്രകടനം കാണാതെ എഴുതിയതാണ്. മികച്ച പ്രകടനം തന്നെയാണ് മെസ്സി ആ മത്സരത്തിൽ കാഴ്ച്ചവെച്ചത്. ആദ്യപകുതിയിൽ എംബപ്പേക്ക് ഒരു മികച്ച പാസ്സ് നൽകാൻ മെസ്സിക്ക് സാധിച്ചിരുന്നു.ബാക്കിയുള്ള 21 താരങ്ങൾക്കും അത്തരത്തിലുള്ള ഒന്ന് സാധ്യമാവുകയില്ല. അദ്ദേഹം ഒരു പെനാൽറ്റി പാഴാക്കി,അതിനെന്താണ്? അതുകൊണ്ട് അദ്ദേഹത്തെ വിലയിരുത്തുന്നത് വളരെ പരിഹാസകരമായ ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്.ലൂയിസ് എൻറിക്വ ബാഴ്സയുടെ പരിശീലകനായി എത്തിയതിനു ശേഷമുള്ള ആദ്യത്തെ വർഷം ഞാനോർക്കുന്നു.അന്നും ഇതുപോലെ മെസ്സി വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പക്ഷേ ആ സീസൺ അവസാനിച്ചപ്പോൾ മൂന്ന് കിരീടങ്ങളാണ് ബാഴ്സ നേടിയത്. അതുപോലെ ഒന്നാണ് ഇവിടെ സംഭവിക്കാൻ പോകുന്നത്.ഒരൊറ്റ സെക്കന്റ് കൊണ്ട് മറുപടി നൽകാൻ കഴിയുന്ന ഒരു താരത്തെയാണ് നിങ്ങൾ വിമർശിക്കുന്നത്. അതുകൊണ്ട് മെസ്സിയെ വിമർശിക്കുമ്പോൾ സൂക്ഷിക്കണം. കാരണം ഇനിയും ഒരുപാട് അദ്ദേഹത്തിൽ നിന്നും വരാനുണ്ട് ” ഇതാണ് ഫാബ്രിഗസ് പറഞ്ഞത്.
നേരത്തെ മെസ്സിയുടെ സുഹൃത്തായ സെർജിയോ അഗ്വേറോയും വിമർശകർക്ക് കനത്ത മറുപടി നൽകിയിരുന്നു.