അർജന്റീനയെ നയിക്കാൻ ഡി മരിയ,പേടിക്കാനില്ലെന്ന് മുൻകാല കണക്കുകൾ!

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീനയുടെ എതിരാളികൾ ചിലിയാണ്.നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:45-നാണ് ഈ മത്സരം അരങ്ങേറുക.ചിലിയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം കളിക്കുക.

ടീമിന്റെ ക്യാപ്റ്റനും സൂപ്പർതാരവുമായ ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റീന ഈ മത്സരം കളിക്കുക. കോവിഡ് പ്രശ്നങ്ങൾ കാരണമാണ് മെസ്സിക്ക് പരിശീലകനായ സ്‌കലോണി വിശ്രമം അനുവദിച്ചത്.അത്കൊണ്ട് തന്നെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എയ്ഞ്ചൽ ഡി മരിയയെയാണ് സ്‌കലോണി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സ്‌കലോണി തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഇത് ആറാം തവണയായിരിക്കും ഡി മരിയ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയാൻ പോകുന്നത്.ഇവിടെ സന്തോഷകരമായ ഒരു കണക്ക് എന്തെന്നാൽ,ഡി മരിയ ക്യാപ്റ്റൻ സ്ഥാനം വഹിച്ചിട്ടുള്ള അഞ്ച് മത്സരങ്ങളിലും അർജന്റീന വിജയിച്ചിട്ടുണ്ട് എന്നുള്ളതാണ്. അവസാനമായി ഡി മരിയ ക്യാപ്റ്റനായത് കഴിഞ്ഞവർഷം ഉറുഗ്വക്കെതിരെയാണ്.അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന ഉറുഗ്വേയെ പരാജയപ്പെടുത്തിയിരുന്നു.

ആദ്യമായി ഡി മരിയ ക്യാപ്റ്റനാവുന്നത് 2013-ലാണ്.അന്ന് പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്.പിന്നീട് 2015-ൽ എൽ സാൽവദോറിനെതിരെ ഡി മരിയ ക്യാപ്റ്റനായി. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന വിജയിച്ചു കയറി.

പിന്നീട് ഇതേ വർഷം തന്നെ ഡി മരിയ വീണ്ടും ക്യാപ്റ്റനായി.ആ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് അർജന്റീന ബൊളീവിയയെ തകർത്തു വിടുകയായിരുന്നു.2018-ൽ ഇറ്റലിക്കെതിരെ ഡി മരിയ തന്നെയായിരുന്നു അർജന്റീന നയിച്ചത്.ആ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടുഗോളിന് അർജന്റീന വിജയിച്ചു.ഒടുവിൽ ഉറുഗ്വയെ ഡി മരിയയുടെ നായകത്വത്തിൽ അർജന്റീന പരാജയപ്പെടുത്തിയത്.

അതായത് ഡി മരിയ ക്യാപ്റ്റനാവുമ്പോൾ പേടിക്കാനില്ല എന്ന് തന്നെയാണ് കടലാസിലെ കണക്കുകൾ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ ചിലിയെയും കീഴടക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അർജന്റൈൻ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *