കൂട്ടീഞ്ഞോക്ക് വേണ്ടിയുള്ള നീക്കം ചെൽസി ഉപേക്ഷിക്കുന്നു?

ബാഴ്സയുടെ ബ്രസീലിയൻ സൂപ്പർ താരം കൂട്ടീഞ്ഞോയെ ടീമിലെത്തിക്കാൻ വേണ്ടി പ്രീമിയർ ലീഗ് ക്ലബുകൾ ശ്രമങ്ങൾ തുടരുകയാണ്. ടോട്ടൻഹാം, ന്യൂകാസിൽ, എവെർട്ടൺ, ലിവർപൂൾ എന്നിവരൊക്കെ താരത്തിന് വേണ്ടി രംഗത്തുണ്ടെന്നാണ് പ്രാഥമികമായ വാർത്തകൾ. കൂടാതെ പ്രീമിയർ ലീഗിലെ തന്നെ ചെൽസിയും രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ മാർക്കറ്റുകളിൽ ട്രാൻസ്ഫർ നടത്താൻ സാധിക്കാത്ത ചെൽസി ഇപ്രാവശ്യം ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ്. എന്നാലിപ്പോൾ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം കൂട്ടീഞ്ഞോക്ക് വേണ്ടിയുള്ള നീക്കങ്ങൾ ചെൽസി ഉപേക്ഷിക്കാനൊരുങ്ങുകയാണ്. പ്രശസ്തമാധ്യമമായ ഇഎസ്പിഎന്നാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. താരത്തിന് വേണ്ടി വലിയ തുകയും സാലറി ചിലവഴിക്കേണ്ടി വരുമെന്നതിനാലാണ് ചെൽസി ഈയൊരു നീക്കത്തിൽ നിന്ന് പിന്മാറുന്നത് എന്നാണ് ഇഎസ്പിഎൻ പറയുന്നത്.

നൂറ് മില്യൺ യുറോയെങ്കിലും താരത്തിന് വേണ്ടി ലഭിക്കണമെന്ന നിലപാടിലാണ് നിലവിൽ ബാഴ്സയുള്ളത്. എന്നാൽ ഇത്രയും വലിയ തുക താരത്തിന് വേണ്ടി ചിലവഴിക്കാനാവില്ല എന്നാണ് ചെൽസിയുടെ പക്ഷം. എന്തെന്നാൽ അയാക്സിൽ നിന്ന് സൈൻ ചെയ്ത സിയെച്ചിന് വേണ്ടി നാല്പത് മില്യൺ യുറോ ബ്ലൂസ് മുടക്കിയതാണ്. കൂടാതെ ടിമോ വെർണറിന് വേണ്ടി അൻപത് മില്യൺ യുറോയും ചെൽസി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഹാവെർട്സിന് വേണ്ടിയും ബ്ലൂസ് നല്ലൊരു തുക ഓഫർ ചെയ്തിട്ടുണ്ട്. ഈയൊരു അവസരത്തിൽ കൂട്ടീഞ്ഞോക്ക് നൂറ് മില്യൺ മുടക്കേണ്ടതില്ല എന്ന നിലപാടിലാണ് ചെൽസി. കൂടാതെ ഈ താരങ്ങൾ ടീമിലെത്തിയാൽ നല്ലൊരു തുക സാലറിയായി നൽകേണ്ടി വരും. കൂടാതെ കൂട്ടീഞ്ഞോ കൂടി ക്ലബിൽ എത്തിയാൽ താരത്തിന് വേണ്ടിയും നല്ലൊരു സാലറി നൽകേണ്ടി വരുമെന്നുള്ളതാണ് ഇപ്പോൾ ചെൽസിയെ പിന്തിരിപ്പിക്കുന്ന കാര്യം. പക്ഷെ താരകൈമാറ്റത്തിന് ബാഴ്‌സ ഒരുക്കമാണെങ്കിൽ ചെൽസി ചർച്ചകൾ തുടർന്നേക്കും എന്നും വാർത്തകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *