എന്ത്കൊണ്ട് ലുക്കാക്കുവിനെ പുറത്താക്കി? വിശദീകരിച്ച് ടുഷേൽ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന വമ്പൻമാരുടെ പോരാട്ടം സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ട് ഗോളുകൾ വീതം നേടിയാണ് ചെൽസിയും ലിവർപൂളും പോയിന്റുകൾ പങ്കിട്ടത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ചെൽസി തിരിച്ചുവരവ് നടത്തിയത്.

ഈ മത്സരത്തിനുള്ള ചെൽസിയുടെ സ്‌ക്വാഡിൽ പോലും സൂപ്പർ താരമായ റൊമേലു ലുക്കാക്കുവിന് ഇടമുണ്ടായിരുന്നില്ല. താരം നടത്തിയ വിവാദപ്രസ്താവനക്കുള്ള ശിക്ഷയെന്നോണമാണ് പരിശീലകനായ ടുഷേൽ അദ്ദേഹത്തെ സ്‌ക്വാഡിൽ നിന്നും താരത്തെ ഒഴിവാക്കിയത്.ഇതിനുള്ള കൂടുതൽ വിശദീകരണങ്ങൾ ഇപ്പോൾ ടുഷേൽ നൽകിയിട്ടുണ്ട്.

അതായത് ലുക്കാക്കു പറഞ്ഞ കാര്യങ്ങൾ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചുവെന്നും മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ് ടുഷേൽ അറിയിച്ചിട്ടുള്ളത്. അതേസമയം ലുക്കാക്കു തിരികെയെത്തുമെന്നുള്ള സൂചനയും ഇദ്ദേഹം നൽകിയിട്ടുണ്ട്. ടുഷേലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കാര്യങ്ങൾ വലിയ രൂപത്തിലുള്ള കോലാഹലങ്ങൾ സൃഷ്ടിച്ചു. മത്സരം അടുത്ത വന്ന സമയമായിരുന്നു ഇത്.അത്കൊണ്ട് തന്നെ മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളെ സംരക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.അതുകൊണ്ടാണ് അദ്ദേഹം പുറത്തായത്.തീർച്ചയായും ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടുണ്ട്. രണ്ട് തവണയാണ് സംസാരിച്ചിട്ടുള്ളത്. കൂടാതെ ബാക്കിയുള്ള പ്രധാനപ്പെട്ട താരങ്ങളോടും ഞാൻ സംസാരിച്ചിട്ടുണ്ട്. അപ്പോഴേക്കും ഈ പ്രധാനപ്പെട്ട മത്സരം അടുത്തു വന്നു.ഈ മത്സരത്തിൽ ഞങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു.അത്കൊണ്ട് തന്നെ അദ്ദേഹം സ്‌ക്വാഡിൽ ഇല്ലെങ്കിൽ കാര്യങ്ങൾ എളുപ്പമാവുമെന്ന് തോന്നി. അങ്ങനെ ഞാൻ തീരുമാനം കൈക്കൊണ്ടു. ഇതൊരു ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. പക്ഷേ ഞങ്ങളത് നടപ്പിലാക്കി കഴിഞ്ഞു.തീർച്ചയായും അദ്ദേഹം ഞങ്ങളുടെ താരം തന്നെയാണ്. അദ്ദേഹത്തിന് തിരിച്ചുവരാം.ഞങ്ങൾ ഇതേ കുറിച്ച് സ്വകാര്യമായി ചർച്ചകൾ നടത്തും. എന്നിട്ട് തീരുമാനങ്ങൾ കൈക്കൊള്ളും ” ഇതാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്.

ഇനി ടോട്ടൻഹാമിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ ലുക്കാക്കു ഉണ്ടാവുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *