സുവർണ്ണാവസരങ്ങൾ തുലച്ചു, ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായില്ല!
ഇന്ന് നടന്ന ഐഎസ്എല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയതെങ്കിലും സുവർണ്ണാവസരങ്ങൾ തുലച്ചു കളഞ്ഞത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവുകയായിരുന്നു.എന്നിരുന്നാലും ഒരു പോയിന്റോടെ പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.
Points shared at Fatorda.#NEUKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/D5HhMFRfyg
— K e r a l a B l a s t e r s F C (@KeralaBlasters) November 25, 2021
സിപോവിച്ച്, വിൻസി ബരേറ്റോ എന്നിവരെയൊക്കെ ആദ്യഇലവനിൽ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഇന്ന് ബ്ലാസ്റ്റേഴ്‌സ് കളത്തിലേക്കിറങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഡയസിന് ഒരു മികച്ച ഗോളവസരം ലഭിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന് ഒരു സുവർണ്ണാവസരം ലഭിച്ചു. വിൻസിയുടെ മുന്നേറ്റത്തിൽ നിന്നും ലഭിച്ച അവസരം സഹൽ പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു.
പകരക്കാരനായി ഇറങ്ങിയ ആൽവരോ വാസ്കസിന്റെ ഒരു തകർപ്പൻ ഹെഡർ റോയ് നിഷ്പ്രഭമാക്കിയതോടെ ബ്ലാസ്റ്റേഴ്‌സിന് സമനിലയോട് കൂടി തൃപ്തിപെടേണ്ടി വരികയായിരുന്നു.