ആദ്യം മെസ്സി സിൻഡ്രോം എടുത്തു കളയൂ: ബാഴ്‌സക്ക്‌ മുൻ താരത്തിന്റെ ഉപദേശം!

എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം അവർ ഒരു പുതിയ കാലഘട്ടത്തിനാണ് തുടക്കം കുറിക്കുന്നത്. ഇതിഹാസതാരമായിരുന്ന സാവി ഇപ്പോൾ പരിശീലകവേഷത്തിൽ എത്തിയിട്ടുണ്ട്. എല്ലാം കൊണ്ടും തകർന്നടിഞ്ഞു നിൽക്കുന്ന ബാഴ്‌സയെ പതിയെ ഉയർത്തി കൊണ്ടു വരിക എന്ന വെല്ലുവിളിയാണ് നിലവിൽ സാവിക്ക് മുന്നിലുള്ളത്.

ഏതായാലും സാവിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ആദ്യം ചെയ്യേണ്ട കാര്യം എഫ്സി ബാഴ്സലോണയിലെ മെസ്സി സിൻഡ്രോം എടുത്തു കളയുക എന്നുള്ളതാണെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ മുൻ താരമായ ബേൺഡ് ഷൂസ്റ്റർ. മെസ്സി ബാഴ്‌സ വിട്ട ഹാങ്ങോവറിൽ നിന്നും താരങ്ങൾ ആരും മുക്തരായിട്ടില്ലെന്നും ആ ചാപ്റ്റർ ക്ലോസ് ചെയ്യുകയാണ് വേണ്ടത് എന്നുമാണ് ഷൂസ്റ്റർ അറിയിച്ചിട്ടുള്ളത്. ജർമ്മൻ മാധ്യമമായ ബിൽഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ആദ്യമായി എഫ്സി ബാഴ്സലോണ മെസ്സി സിൻഡ്രോം എടുത്തു കളയണം.നിലവിലെ സ്‌ക്വാഡ് എന്താണോ ഓഫർ ചെയ്യുന്നത് എന്നുള്ളത് അവർ സത്യസന്ധമായി വിലയിരുത്തണം.യുവതാരങ്ങളെയും വെറ്ററൻ താരങ്ങളെയും സംയോജിപ്പിക്കണം. എന്നിട്ട് അവർക്ക് അനുയോജ്യമാവുന്ന ഒരു കളിരീതി നൽകണം.ടിക്കി ടാക്കയെ ഏറ്റവും മികച്ച രീതിയിൽ കണ്ടവരാണ് ബാഴ്‌സ ആരാധകർ. അത്കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു കളിയല്ല നിലവിൽ അവർ കാണാൻ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും നിലവിലെ സാഹചര്യങ്ങൾക്ക്‌ അനുസൃതമായി കളിപ്പിക്കേണ്ടിയിരിക്കുന്നു ” ഷൂസ്റ്റർ പറഞ്ഞു.

ഈ സീസണിലായിരുന്നു മെസ്സി ബാഴ്‌സ വിട്ടത്. അത് ബാഴ്‌സക്ക്‌ തിരിച്ചടിയാവുകയും ചെയ്തു.12 മത്സരങ്ങളിൽ 17 പോയിന്റുകൾ ഉള്ള ബാഴ്‌സ ലാലിഗയിൽ ഒമ്പതാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *