മെസ്സി ഉടനെ ഫോമിലേക്ക് മടങ്ങിയെത്തും : മുൻ അർജന്റൈൻ-പിഎസ്ജി താരം!

ഈ സീസണിൽ ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി നേടിയ മൂന്ന് ഗോളുകളും ചാമ്പ്യൻസ് ലീഗിലായിരുന്നു. ലീഗ് വണ്ണിൽ അഞ്ച് മത്സരങ്ങൾ കളിച്ചിട്ടും മെസ്സിക്ക് ഗോളോ അസിസ്റ്റോ നേടാൻ സാധിക്കാത്തത് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

എന്നാൽ ലയണൽ മെസ്സിയുടെ കാര്യത്തിൽ ആശങ്കക്ക്‌ വകയില്ലാ എന്നറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ അർജന്റൈൻ-പിഎസ്ജി താരമായ ഹവിയർ പാസ്റ്റോറെ.മെസ്സിക്ക് കുറച്ചു സമയം വേണം എന്നുള്ളത് സാധാരണമായ കാര്യമാണെന്നും മെസ്സി ഉടനെ തന്നെ അദ്ദേഹത്തിന്റെ ഫോം കണ്ടെത്തുമെന്നാണ് പാസ്‌റ്റോറെ പറഞ്ഞിട്ടുള്ളത്.ബീയിൻ സ്പോർട്സ് ഫ്രാൻസാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” ഒരു മാറ്റം എന്നുള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. അത് സാധാരണയുമാണ്.പ്രത്യേകിച്ച് മെസ്സി ആദ്യമായാണ് ബാഴ്‌സയുടെ പുറത്തേക്ക് വരുന്നത്.ഇതെല്ലാം അദ്ദേഹത്തിന് പുതിയ ഒരു അനുഭവമാണ്.പുതിയ ആളുകളാണ്, അദ്ദേഹത്തിന് അറിയാത്ത ഒരു പുതിയ ലീഗാണ്,അത്കൊണ്ട് തന്നെ അദ്ദേഹത്തിന് ഒരല്പം സമയം വേണം എന്നുള്ളത് നോർമലായ ഒരു കാര്യമാണ്.പക്ഷേ ചാമ്പ്യൻസ് ലീഗിനെ അദ്ദേഹത്തിന് അറിയാം, അത്കൊണ്ട് തന്നെ അദ്ദേഹം ഗോളുകളും നേടി.ഫ്രാൻസിലെ എതിരാളികളെ കുറിച്ച് അദ്ദേഹത്തിന് കൃത്യമായി അറിയില്ല. അത്കൊണ്ടാണ് അദ്ദേഹത്തിന് ഒരല്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. പക്ഷേ മെസ്സി ഉടൻ തന്നെ അദ്ദേഹത്തിന്റെ ഫോമിലേക്ക് മടങ്ങിയെത്തും ” പാസ്‌റ്റോറെ പറഞ്ഞു.

നിലവിൽ മെസ്സിയെ ചെറിയ രൂപത്തിലുള്ള പരിക്ക് അലട്ടുന്നുണ്ട്. അത്കൊണ്ട് തന്നെ താരം ചാമ്പ്യൻസ് ലീഗിൽ ആർബി ലീപ്സിഗിനെതിരെ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *