വെറാറ്റിയുടെ സ്ഥാനം സാവിക്കും ഇനിയേസ്റ്റക്കുമൊപ്പം : നെയ്മർ!

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് മിഡ്ഫീൽഡർമാരായ സാവിക്കും ഇനിയേസ്റ്റക്കുമൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് നെയ്മർ ജൂനിയർ. ഒരുപിടി നേട്ടങ്ങൾ ഈ താരങ്ങൾ ബാഴ്‌സയിൽ കരസ്ഥമാക്കുകയും ചെയ്തിരുന്നു. പിന്നീട് നെയ്മർ പിഎസ്ജിയിലേക്കായിരുന്നു ചേക്കേറിയിരുന്നത്. ഏതായാലും സാവി, ഇനിയേസ്റ്റ എന്നിവരെ പോലെയുള്ള ഒരു താരം പിഎസ്ജിക്കുമുണ്ടെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ നെയ്മർ ജൂനിയർ. ഇറ്റാലിയൻ മധ്യനിര താരമായ മാർക്കോ വെറാറ്റിയാണ് ഈ താരം. പിഎസ്ജിയിൽ തന്നെ അത്ഭുതപെടുത്തിയ താരങ്ങൾ ആരൊക്കെയാണ് എന്നുള്ള ചോദ്യത്തിന് മറുപടിയായി കൊണ്ടാണ് നെയ്മർ വെറാറ്റിയെയും എംബപ്പേയെയും കുറിച്ച് സംസാരിച്ചത്.നെയ്മർ ലാ റിപബ്ലിക്കയോട് പറഞ്ഞത് ഇങ്ങനെയാണ്.

“എന്നെ പിഎസ്ജിയിൽ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയിട്ടുള്ള താരങ്ങൾ വെറാറ്റിയും എംബപ്പെയുമാണ്.എംബപ്പേ ഒരു യുവതാരമാണ്,വേഗതയേറിയ മികച്ച താരമാണ്.വെറാറ്റി ഒരു അസാമാന്യ താരമാണ് എന്നുള്ളത് എനിക്കറിയാം.പക്ഷേ അതിലും മുകളിലുള്ള ഒരു താരമാണ് വെറാറ്റി എന്നുള്ളത് ഞാൻ വൈകിയാണ് മനസ്സിലാക്കിയത്.ഞാൻ കളിച്ചിട്ടുള്ള ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് വെറാറ്റി. സാവിക്കും ഇനിയേസ്റ്റക്കുമൊപ്പമാണ് ഞാൻ അദ്ദേഹത്തിന് സ്ഥാനം നൽകുക ” നെയ്മർ പറഞ്ഞു.

2012-ലായിരുന്നു വെറാറ്റി പിഎസ്ജിയിൽ എത്തിയത്. അതിന് ശേഷം 353 മത്സരങ്ങൾ പിഎസ്ജിക്കായി കളിച്ച താരം 9 ഗോളുകളും നേടിയിട്ടുണ്ട്.ഇറ്റലിക്കായി 48 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും ഈ മധ്യനിര താരം നേടിയിട്ടുണ്ട്. നിലവിൽ 2024 വരെയാണ് വെറാറ്റിക്ക്‌ പിഎസ്ജിയുമായി കരാർ അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *