ബാഴ്സയുടെ കഷ്ടകാലം തുടരുന്നു, അവസാന നിമിഷം പോർച്ചുഗീസ് സൂപ്പർ താരത്തിനായി നടത്തിയ ശ്രമവും പരാജയപ്പെട്ടു!
ട്രാൻസ്ഫർ ജാലകം അടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഒരു അപ്രതീക്ഷിത നീക്കം നടത്തിയിരുന്നു. മുന്നേറ്റനിരയിലേക്ക് പോർച്ചുഗീസ് സൂപ്പർ താരത്തെ എത്തിക്കാനായിരുന്നു ബാഴ്സയുടെ പദ്ധതി. അത്ലറ്റിക്കോയുടെ യുവതാരമായ ജാവോ ഫെലിക്സിന് വേണ്ടിയായിരുന്നു ബാഴ്സ അവസാന നിമിഷം ഒരു ശ്രമം നടത്തിയത്. എന്നാൽ ഇത് വിഫലമായി എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെലിക്സിന് വേണ്ടിയുള്ള ബിഡ് അത്ലറ്റിക്കോ നിരസിക്കുകയാണ് ചെയ്തത്.
21-കാരനായ ഈ പോർച്ചുഗീസ് താരത്തെ ലോൺ അടിസ്ഥാനത്തിൽ ടീമിൽ എത്തിക്കാനായിരുന്നു ബാഴ്സയുടെ ശ്രമം. ഇതിന് വേണ്ടി താരത്തിന്റെ ഏജന്റായ ജോർഗെ മെൻഡസ് വഴി ബാഴ്സ അത്ലറ്റിക്കോയെ സമീപിക്കുകയായിരുന്നു. എന്നാൽ അത്ലറ്റിക്കോ ഇത് നിരസിച്ചു കൊണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു.ഈയൊരു ഘട്ടത്തിൽ താരത്തെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അത്ലറ്റിക്കോ മെൻഡസിനേയും ബാഴ്സയെയും അറിയിച്ചിട്ടുള്ളത്.
Atletico Madrid have no intention of letting a key player leave 🙅
— Goal News (@GoalNews) August 31, 2021
✍️: @rubenuria
അത്ലറ്റിക്കോയിൽ ഒരു മികച്ച രൂപത്തിൽ കളിക്കാൻ ഫെലിക്സിന് ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും താരം ക്ലബ്ബിന് ഭാവിയിൽ ഒരു മുതൽകൂട്ടാവുമെന്നാണ് അത്ലറ്റിക്കോ ഉറച്ചു വിശ്വസിക്കുന്നത്.126 മില്യൺ യൂറോ എന്ന ഭീമമായ തുകയായിരുന്നു താരം സ്പെയിനിൽ എത്തിയത്.58 ലീഗ് മത്സരങ്ങൾ അത്ലറ്റിക്കോക്കായി കളിച്ച ഫെലിക്സ് 13 ഗോളുകളും 6 അസിസ്റ്റുകളുമാണ് നേടിയിട്ടുണ്ട്. ഈ സീസണിലെങ്കിലും പേരിനും പെരുമക്കുമൊത്ത പ്രകടനം നടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ഫെലിക്സ്.