ബാഴ്സ സൂപ്പർ താരത്തിന് വേണ്ടി ഇറ്റാലിയൻ വമ്പൻമാർ രംഗത്ത്, സാലറി കുറക്കാനാവില്ലെന്ന് താരം!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി അഴിച്ചു പണികൾ നടത്താനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട. ഡീപേ, ഗാർഷ്യ, അഗ്വേറോ തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്‌സക്ക്‌ കഴിഞ്ഞിരുന്നു. കൂടാതെ ചില താരങ്ങളെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്. സാമ്പത്തികപ്രതിസന്ധി കാരണമാണ് ബാഴ്സ ഒരുപിടി താരങ്ങളെ വിൽക്കാൻ ഉദ്ദേശിക്കുന്നത്. അത്തരത്തിലുള്ള ഒരു താരമാണ് ബോസ്‌നിയൻ മിഡ്‌ഫീൽഡർ മിറാലം പ്യാനിച്ച്. താരത്തിന് വേണ്ടി നിരവധി ഓഫറുകൾ ഇതിനോടകം തന്നെ വന്നിട്ടുണ്ട്. ഇറ്റാലിയൻ വമ്പൻമാരായ ഇന്ററും റോമയുമൊക്കെ ബാഴ്സയെ സമീപിച്ചു കഴിഞ്ഞു. ലോൺ അടിസ്ഥാനത്തിൽ വാങ്ങാനുള്ള നീക്കമാണ് ഈ ടീമുകൾ നടത്തിയിട്ടുള്ളത്.

എന്നാൽ പ്യാനിച്ച് ട്രാൻസ്ഫറിന് സമ്മതിക്കുന്നില്ല എന്നാണ് സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. അതായത് നിലവിൽ ഈ ക്ലബുകൾ എല്ലാം തന്നെ ഓഫർ ചെയ്തിരിക്കുന്നത് താരത്തിന് ബാഴ്‌സയിൽ ലഭിക്കുന്ന സാലറിയേക്കാൾ കുറവ് സാലറിയാണ്. എന്നാൽ സാലറി കുറക്കാൻ പറ്റില്ലെന്ന നിലപാടാണ് താരം സ്വീകരിച്ചിരിക്കുന്നത്. ഇതാണിപ്പോൾ പ്യാനിച്ചിന്റെ കാര്യത്തിൽ തടസ്സമായി നിൽക്കുന്നത്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പ്യാനിച്ച് യുവന്റസിൽ നിന്നും എഫ്സി ബാഴ്സലോണയിൽ എത്തിയത്. ആർതർ മെലോയെ ഉൾപ്പെടുത്തിയുള്ള ട്രാൻസ്ഫറിന്റെ ഭാഗമായിരുന്നു പ്യാനിച്ച്. എന്നാൽ താരത്തിന് ബാഴ്‌സയിൽ അവസരങ്ങൾ നൽകാൻ കൂമാൻ തയ്യാറായിരുന്നില്ല. ബാഴ്‌സയിൽ അവസരങ്ങൾ ലഭിക്കാത്തതിലുള്ള പ്രതിഷേധം ഒട്ടേറെ തവണ പ്യാനിച്ച് പരസ്യമായി തന്നെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *