ബ്രസീലൊരു സാധാരണ ടീം, മെസ്സിയുള്ളതിനാൽ ഞങ്ങൾ ഫൈനൽ വിജയിച്ചു കഴിഞ്ഞു : മുൻ കോച്ച്!
ഫുട്ബോൾ ലോകം ഒന്നടങ്കം കോപ്പ അമേരിക്കയിലെ സ്വപ്നഫൈനലിനുള്ള കാത്തിരിപ്പിലാണ്. അതിന്റെ ആവേശം ഓരോ ദിവസം കൂടുംതോറും വർധിച്ചു വരികയാണ്. ഇന്ത്യൻ ഞായറാഴ്ച്ച പുലർച്ചെ 5:30-നാണ് ഈ തീപ്പാറും പോരാട്ടം അരങ്ങേറുക. പലരും ഈ മത്സരത്തെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും പ്രവചനങ്ങളും ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴിതാ അർജന്റീന തന്നെ കിരീടം ചൂടുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് മുൻ അർജന്റൈൻ പരിശീലകനായ അൽഫിയോ ബാസിലെ. ബ്രസീൽ ഒരു സാധാരണ ടീം മാത്രമാണെന്നും മെസ്സിയുള്ളതിനാൽ അർജന്റീന ഫൈനൽ വിജയിച്ചു കഴിഞ്ഞു എന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്. 1993-ൽ അർജന്റീനക്ക് അവസാനമായി ഒരു കിരീടം നേടികൊടുത്ത പരിശീലകനാണ് ബാസിലെ. മാത്രമല്ല നാല് കിരീടങ്ങൾ അർജന്റീനക്ക് സമ്മാനിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിനോട് സംസാരിക്കുന്ന വേളയിലാണ് അർജന്റീന കിരീടം ചൂടുമെന്ന് ഉറപ്പിച്ച് പറഞ്ഞത്.
Former Argentina coach Alfio "Coco" Basile: "We will be champions". https://t.co/gZrfYKInJw
— Mundo Albiceleste 🇦🇷 (@MundoAlbicelest) July 7, 2021
” അർജന്റീനക്ക് കോപ്പ അമേരിക്ക ജേതാക്കളാവാനുള്ള അവസരമാണിത്.എന്തെന്നാൽ ബ്രസീലിനെക്കാൾ മികച്ച രൂപത്തിൽ അർജന്റീന കളിക്കുന്നുണ്ട്.ബ്രസീലൊരു സാധാരണ ടീം മാത്രമാണ്.നെയ്മറെ മാറ്റിനിർത്തിയാൽ അവരുടെ ടീമിലുള്ളത് സാധാരണ താരങ്ങൾ മാത്രമാണ് ഉള്ളത്.അത്കൊണ്ട് തന്നെ ഇത് അർജന്റീനക്ക് ലഭിച്ച സുവർണ്ണാവസരമാണ്.മെസ്സി ടീമിൽ ഉള്ളതിനാൽ ഫൈനലിൽ അർജന്റീന ഒരു ഗോളിന് ഇപ്പോഴേ ജയിച്ചു കഴിഞ്ഞു.അദ്ദേഹമൊരു ഫുട്ബോൾ ബീസ്റ്റാണ്.ടീം ഇപ്പോഴും പരിശീലനം തുടരുകയാണ്.ലിയാൻഡ്രോ പരേഡസ് സ്റ്റാർട്ട് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.ലൗറ്ററോ മാർട്ടിനെസ് ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്.പക്ഷെ എനിക്ക് ഇഷ്ടപ്പെട്ട താരമാണ് അദ്ദേഹം.പരിശീലകനായ സ്കലോണിയും നല്ല രൂപത്തിൽ തന്നെയാണ് ടീമിനെ മുന്നോട്ട് കൊണ്ട് പോവുന്നത് ” അദ്ദേഹം പറഞ്ഞു.