ഫ്രീകിക്ക് ഗോളുമായി മെസ്സി, സമനിലശാപമൊഴിയാതെ അർജന്റീന!

നായകൻ ലയണൽ മെസ്സി ഗോൾ കണ്ടെത്തിയ മത്സരത്തിലും അർജന്റീനക്ക് രക്ഷയില്ല. കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീനക്ക് വിജയം നേടാനാവാതെ പോവുകയായിരുന്നു.1-1 എന്ന സ്കോറിന് ചിലിയാണ് അർജന്റീനയെ സമനിലയിൽ തളച്ചത്. അർജന്റീനക്ക് വേണ്ടി മെസ്സി ഫ്രീകിക്കിലൂടെ ലീഡ് നേടികൊടുത്തപ്പോൾ വാർഗാസായിരുന്നു ചിലിക്ക് സമനില ഗോൾ നേടികൊടുത്തത്. കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരത്തിലും അർജന്റീന സമനിലയായിരുന്നു വഴങ്ങിയിരുന്നത്. ഇപ്പോൾ കോപ്പ അമേരിക്കയിലും സമനില ശാപം തന്നെയാണ് അർജന്റീനയെ അലട്ടുന്നത്.

മെസ്സി-ലൗറ്ററോ-ഗോൺസാലസ് എന്നിവരെ മുന്നേറ്റത്തിന്റെ ചുമതലയേൽപ്പിച്ചാണ് സ്കലോണി കളത്തിലേക്ക് വിട്ടത്.ഗോളുകൾ നേടാൻ ഏറ്റവും കൂടുതൽ ശ്രമങ്ങൾ നടത്തിയത് അർജന്റീന തന്നെയായിരുന്നു.മത്സരത്തിന്റെ 33-ആം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ പിറക്കുന്നത്. തങ്ങൾക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മനോഹരമായി മെസ്സി വലയിലെത്തിക്കുകയായിരുന്നു.എന്നാൽ 56-ആം മിനിറ്റിൽ ചിലിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ആർതുറോ വിദാൽ എടുത്ത പെനാൽറ്റി ഗോൾകീപ്പർ മാർട്ടിനെസ് തടഞ്ഞുവെങ്കിലും റീബൗണ്ട് ഒരു ഹെഡറിലൂടെ വാർഗാസ് വലയിലെത്തിച്ചു. തുടർന്ന് ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിയാതെ വന്നതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.ഇനി ഉറുഗ്വക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *