റയൽ മാഡ്രിഡിന്റെ വമ്പൻ ഓഫർ സലാഹ് നിരസിച്ചതായി വെളിപ്പെടുത്തൽ

2018-ൽ റയൽ മാഡ്രിഡിന്റെ വമ്പൻ ഓഫർ സലാഹ് നിരസിച്ചതായി വെളിപ്പെടുത്തൽ. ഈജിപ്തിന്റെ മുൻ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ഹാനി റാംസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ നല്ല രീതിയിലുള്ള ഓഫറുമായി റയൽ സലാഹിനെ സമീപിച്ചിരുന്നുവെന്നും എന്നാൽ സലാഹ് തന്നെ സ്വമേധയാ ഈ ഓഫർ നിരസിക്കുകയുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് അനുയോജ്യമായ ക്ലബ്‌ ലിവർപൂൾ ആണെന്ന തിരിച്ചറിവാണ് സലാഹിനെ ഈ ഓഫർ നിരസിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഓൺടൈം സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

” ഞാൻ ഹെക്ടർ കൂപ്പറുമൊത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത്, ഞങ്ങൾ അന്ന് സ്വിറ്റ്സർലാണ്ടിൽ പരിശീലനത്തിലായിരുന്നു. അന്ന് സലാഹുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹം ഈ റയലിൽ നിന്ന് ഒരു ഓഫർ വന്നിരുന്ന കാര്യം എന്നോട് പറഞ്ഞിരുന്നത്. ഒരു നല്ല രീതിയിലുള്ള ഓഫറായിരുന്നു അത്. പക്ഷെ സലാഹ് ഹെക്ടർ കൂപ്പറുമായി ഈ കാര്യം ചർച്ച ചെയ്യുകയും റയലിന്റെ ഓഫർ നിരസിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. കാരണം സലാഹിന് ഏറ്റവും അനുയോജ്യമായ ക്ലബ്‌ എന്ന് തോന്നിയത് ലിവർപൂൾ തന്നെയായിരുന്നു. അത്കൊണ്ട് തന്നെ സലാഹ് ലിവർപൂളിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു ” ഹാനി റാംസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *