അർജന്റൈൻ സൂപ്പർ താരത്തെ റാഞ്ചാൻ എസി മിലാൻ!

ഈ സീസണിൽ മികച്ച പ്രകടനമാണ് ഉഡിനസിന്റെ അർജന്റൈൻ മിഡ്‌ഫീൽഡർ റോഡ്രിഗോ ഡി പോൾ കാഴ്ച്ചവെച്ചിരുന്നത്. 36 മത്സരങ്ങൾ കളിച്ച താരം ഒമ്പത് ഗോളുകൾ സിരി എയിൽ നേടിയിരുന്നു. കൂടാതെ പല മത്സരങ്ങളിലും കളിയിലെ താരമാവാനും ഡി പോളിന് കഴിഞ്ഞിരുന്നു. നിലവിൽ അർജന്റീനക്കൊപ്പമുള്ള താരം യോഗ്യത മത്സരങ്ങൾക്കും കോപ്പ അമേരിക്കക്കുമുള്ള ഒരുക്കത്തിലാണ്. ഏതായാലും താരത്തെ റാഞ്ചാൻ വേണ്ടി നിരവധി ക്ലബുകൾ ഇപ്പോൾ തന്നെ രംഗത്തുണ്ട് എന്നുള്ളത് പരസ്യമായ ഒരു കാര്യമാണ്. സിരി എയിലെ വമ്പൻ ക്ലബുകൾക്ക് പുറമേ സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ പേരും കൂടുതൽ ഉയർന്നു കേട്ടിരുന്നു. പരിശീലകനായ സിമയോണിക്ക് ഏറെ താല്പര്യമുള്ള താരമാണ് ഡി പോൾ.

എന്നാൽ നിലവിൽ താരത്തിന് വേണ്ടി ഏറ്റവും ശക്തമായി രംഗത്തുള്ളത് എസി മിലാൻ ആണെന്ന് റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട്. അടുത്ത ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയ മിലാൻ മിഡ്‌ഫീൽഡ് ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായാണ് ഡി പോളിനെ നോട്ടമിട്ടിരിക്കുന്നത്. താരത്തിന് വേണ്ടി 40 മില്യൺ യൂറോയാണ് ഉഡിനസ് ഉദ്ദേശിക്കുന്നത്. എന്നാൽ എസി മിലാൻ 25 മില്യൺ യൂറോയും ഒരു താരത്തെയും കൈമാറാനാണ് ഉദ്ദേശിക്കുന്നത്.27-കാരനായ താരം അടുത്ത സീസണിൽ മറ്റേതെങ്കിലും ക്ലബ്ബിൽ തന്നെ കളിക്കാനാണ് സാധ്യത കാണുന്നത്. താരം സിരി എയിൽ തന്നെ തുടരുമോ അതോ സിരി എ വിടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *