പിഎസ്ജി വിടണമെന്നറിയിച്ച് പോച്ചെട്ടിനോ, ലക്ഷ്യം റയൽ?

താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് പിഎസ്ജിയെ അറിയിച്ച് മൗറിസിയോ പോച്ചെട്ടിനോ. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ തനിക്ക് പിഎസ്ജി വിടാൻ ആഗ്രഹമുണ്ടെന്നാണ് പോച്ചെട്ടിനോ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ തീരുമാനം കൈക്കൊണ്ടിട്ടില്ല. പിഎസ്ജിയുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കാനാണ് നിലവിൽ പോച്ചെട്ടിനോ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പോച്ചെട്ടിനോ പിഎസ്ജിയുടെ പരിശീലകനായി എത്തുന്നത്. എന്നാൽ ആറു മാസം തികയുന്നതിന് മുൻപേ തന്നെ ക്ലബ്ബ് വിടാൻ ഇദ്ദേഹം താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

2022 വരെയാണ് നിലവിൽ പോച്ചെട്ടിനോക്ക് പിഎസ്ജിയുമായി കരാറുള്ളത്. ഈ സീസണിൽ പിഎസ്ജിക്ക് കോപേ ഡി ഫ്രാൻസും ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടവും നേടിക്കൊടുക്കാൻ പോച്ചെട്ടിനോക്ക് കഴിഞ്ഞിരുന്നു. എന്നാൽ ലീഗ് വൺ കിരീടം നഷ്ടമായിരുന്നു. അതേസമയം റയൽ മാഡ്രിഡ്‌, ടോട്ടൻഹാം എന്നീ ക്ലബുകളിൽ ഒന്നിനെയാണ് പോച്ചെട്ടിനോ ലക്ഷ്യം വെക്കുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. സിദാൻ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് റയൽ പോച്ചെട്ടിനോയെ പരിഗണിക്കുന്നത്. അതേസമയം തങ്ങളുടെ മുൻ പരിശീലകനെ എങ്ങനെയെങ്കിലും തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് സ്പർസ് ഉള്ളത്. ഏതായാലും പോച്ചെട്ടിനോയുടെ ഭാവി തീരുമാനിക്കേണ്ടത് പിഎസ്ജി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *