ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട് സിൽവ, ബ്രസീലിന് ആശങ്കയുയർത്തി താരത്തിന്റെ പരിക്ക്!

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തലകുനിച്ചായിരുന്നു തിയാഗോ സിൽവ മടങ്ങിയിരുന്നത്. ബയേണിന് മുന്നിലായിരുന്നു പിഎസ്ജി കിരീടം അടിയറവ് വെച്ചത്. പിന്നീട് താരത്തിന്റെ കരാർ പുതുക്കാതെ പിഎസ്ജി സിൽവയെ ഒഴിവാക്കി.36-കാരനായ സിൽവ ചെൽസിയുമായി കരാറിലെത്തി. ആറു മാസത്തിനു ശേഷം പിഎസ്ജിയിൽ തന്റെ പരിശീലകനായിരുന്ന ടുഷേൽ ചെൽസിയിലെത്തുന്നു. ഒടുവിൽ ടുഷേലിന് കീഴിൽ സിൽവ ചാമ്പ്യൻസ് ലീഗിൽ മുത്തമിടുന്നു. സ്വപ്നസമാനമായ ഒരു യാത്രയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ സിൽവ നടത്തിയത് എന്ന് പറയേണ്ടി വരും. ഒടുവിൽ കിട്ടാകനിയായ ചാമ്പ്യൻസ് ലീഗിലും മുത്തമിടാൻ സാധിച്ചു. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കുമ്പോൾ അതിന്റെ ഭാഗമാവാൻ സിൽവക്ക് കഴിഞ്ഞിരുന്നു.

എന്നാൽ ഫൈനലിന്റെ മുഴുവൻ സമയവും കളിക്കാൻ സിൽവക്ക് കഴിഞ്ഞിരുന്നില്ല.മത്സരത്തിന്റെ 39-ആം മിനുട്ടിൽ മസിൽ ഇഞ്ചുറി മൂലം താരത്തിന് കളം വിടേണ്ടി വന്നിരുന്നു. പകരം ക്രിസ്റ്റൻസണാണ് പ്രതിരോധം കാത്തത്‌. സിൽവയുടെ പരിക്ക് ഏറ്റവും കൂടി ആശങ്കയുളവാക്കിയിരിക്കുന്നത് ബ്രസീൽ ടീമിനാണ്. വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഉള്ള താരമാണ് സിൽവ. മാത്രമല്ല അതിന് ശേഷം കോപ്പ അമേരിക്കയുമുണ്ട്. അത്കൊണ്ട് തന്നെ താരത്തിന്റെ സാന്നിധ്യം ബ്രസീൽ ടീമിന് അതിനിർണായകമാണ്. എന്നാൽ താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്ന് വ്യക്തമല്ല. താരത്തിന് ബ്രസീലിന് വേണ്ടി കളിക്കാൻ കഴിയണേ എന്നുള്ള പ്രാർത്ഥനയിലാണ് നിലവിൽ ആരാധകർ ഉള്ളത്. പരിക്ക് മൂലം സീനിയർ താരം ഡാനി ആൽവെസ് സ്‌ക്വാഡിൽ നിന്നും പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *