തിരിച്ചുവരവിൽ ഗോളടിച്ച് മെസ്സി, ജയത്തോടെ ബാഴ്‌സ ക്വാർട്ടറിൽ!

കോപ്പ ഡെൽ റേയിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സ റയോ വല്ലക്കാനോയെ കീഴടക്കിയത്. രണ്ട് മത്സരത്തെ വിലക്ക് കഴിഞ്ഞെത്തിയ മെസ്സി മത്സരത്തിൽ ഗോൾ കണ്ടെത്തി. ബാഴ്‌സയുടെ വിജയഗോൾ നേടിയത് ഫ്രങ്കി ഡിജോങ് ആയിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. ഇതോടെ കോപ്പ ഡെൽ റേയുടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ ബാഴ്‌സ സാധിച്ചു.മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ ബാഴ്‌സക്ക്‌ സാധിക്കാതെ പോവുകയായിരുന്നു.

മെസ്സി, ഗ്രീസ്‌മാൻ, ട്രിൻക്കാവോ എന്നിവരെയാണ് കൂമാൻ ആദ്യ ഇലവനിൽ ഇറക്കിയത്. എന്നാൽ മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനാവാതെ പോവുകയായിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ വല്ലക്കാനോ ലീഡ് നേടി.63-ആം മിനുട്ടിൽ ഫ്രാൻസിസ്ക്കോ ഗാർഷ്യയാണ് ഗോൾ നേടിയത്. എന്നാൽ 69-ആം മിനിറ്റിൽ മെസ്സി ഇതിന് മറുപടി നൽകി. ഗ്രീസ്‌മാൻ നൽകിയ അളന്നു മുറിച്ച പാസ്സ് മെസ്സി വലയിലെത്തിക്കുകയായിരുന്നു. പിന്നീട് എൺപതാം മിനുട്ടിലാണ് ബാഴ്‌സയുടെ വിജയഗോൾ പിറക്കുന്നത്.ജോർദി ആൽബയുടെ അളന്നു മുറിച്ച ക്രോസ് ഡിജോങാണ് ഇത്തവണ വലയിലെത്തിച്ചത്. നിലവിൽ മികച്ച ഫോമിലാണ് ഡിജോങ് പന്തുതട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *