ക്ലബ്‌ വിടാതിരിക്കാൻ വമ്പൻ തുക നെയ്മർക്ക് ഓഫർ ചെയ്ത് പിഎസ്ജി

സൂപ്പർ താരം നെയ്മർ ജൂനിയറെ തിരികെ ക്യാമ്പ് നൗവിൽ എത്തിക്കാൻ കഴിഞ്ഞ സീസണിൽ തന്നെ ബാഴ്സ ശ്രമിച്ചതാണ്. ഈ സീസണിലും ട്രാൻസ്ഫർ വിപണിയിൽ സജീവമായി നിലനിൽക്കാൻ പോവുന്ന അഭ്യൂഹങ്ങളിലൊന്നാണ് നെയ്മറുടെ തിരിച്ചുപോക്ക്. എന്നാൽ തങ്ങളുടെ സൂപ്പർ താരത്തെ എന്ത് വിലകൊടുത്തും ടീമിൽ തന്നെ നിലനിർത്താനുള്ള കഠിനശ്രമത്തിലാണ് പിഎസ്ജി. ഇതിനായി സൂപ്പർ താരത്തിന് വമ്പൻ തുക തന്നെ വാർഷികവേതനമായി പിഎസ്ജി ഓഫർ ചെയ്തതായാണ് റിപ്പോർട്ടുകൾ. പ്രമുഖജേണലിസ്റ്റായ നിക്കോളോ ഷിറയാണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്.

38 മില്യൺ യുറോയാണ് നെയ്മർക്ക് പിഎസ്ജി വാർഷികവേതനമായി ഓഫർ ചെയ്തിട്ടുള്ളത്. ഇതുവഴി താരത്തിന്റെ കരാർ 2025 വരെ പുതുക്കാനാണ് പിഎസ്ജി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത്രയും വലിയൊരു തുക നെയ്മർക്ക് നൽകി കൊണ്ട് ബാഴ്സക്ക് താരത്തെ ക്യാമ്പ്നൗവിൽ എത്തിക്കാൻ കഴിയില്ലെന്ന കണക്കുകൂട്ടലിലാണ് പിഎസ്ജി. പ്രത്യേകിച്ച് ബാഴ്സയൊക്കെ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ. മാത്രമല്ല 2025 വരെ നെയ്മർ കരാർ പുതുക്കിയാൽ ഫിഫയുടെ റൂളിനെ മറികടക്കാൻ പിഎസ്ജിക്കാവും. അങ്ങനെയായാൽ പിന്നീട് നെയ്മർക്ക് ക്ലബ്‌ വിടുക എളുപ്പമാവില്ല. ഈ ഓഫർ നെയ്മർ സ്വീകരിക്കുമോ ഇല്ലയോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *