മെസ്സിയുടെ മികച്ച താരം നെയ്മർ, റൊണാൾഡോക്കിടമില്ല !

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങളുടെ വോട്ടെടുപ്പ് ഇന്നലെയായിരുന്നു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരെ പിന്തള്ളി റോബർട്ട്‌ ലെവന്റോസ്ക്കിയാണ് ഈ വർഷത്തെ ഏറ്റവും മികച്ച താരമായി മാറിയത്. ലെവന്റോസ്ക്കിക്ക്‌ 54 പോയിന്റുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള റൊണാൾഡോക്ക്‌ 38 പോയിന്റുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള മെസ്സിക്ക് 35 പോയിന്റുകളും ലഭിച്ചു. എന്നാൽ മെസ്സി തിരഞ്ഞെടുത്ത ഏറ്റവും മികച്ച താരം തന്റെ ഉറ്റസുഹൃത്തും പിഎസ്ജി സൂപ്പർ താരവുമായ നെയ്മർ ജൂനിയറാണ്. മെസ്സി രണ്ടാമതായി തിരഞ്ഞെടുത്തത് പിഎസ്ജിയുടെ തന്നെ മറ്റൊരു താരമായ എംബാപ്പെയെയാണ്. മൂന്നാമതായി മെസ്സി തിരഞ്ഞെടുത്തത് പുരസ്‌കാരജേതാവായ റോബർട്ട്‌ ലെവന്റോസ്ക്കിയെയാണ്.

അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇത്തവണ മെസ്സി പരിഗണിച്ചില്ല. മുമ്പ് മെസ്സി ക്രിസ്റ്റ്യാനോയെ പരിഗണിച്ചിരുന്നു.ഇപ്രാവശ്യം മെസ്സിയെ ക്രിസ്റ്റ്യാനോ പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മെസ്സിയുടെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള വോട്ട് നേടിയത് കെയ്‌ലർ നവാസ്. പിഎസ്ജിയുടെ ഗോൾകീപ്പറായ നവാസ് കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയിരുന്നു. അതേസമയം രണ്ടാം വോട്ട് ലഭിച്ചത് ബയേണിന്റെ ന്യൂയർക്കാണ്. അത്‌ലെറ്റിക്കോ മാഡ്രിഡ്‌ ഗോൾകീപ്പർ യാൻ ഒബ്ലാക്കിനാണ് മെസ്സിയുടെ മൂന്നാം വോട്ട് ലഭിച്ചത്. മികച്ച പരിശീലകനുള്ള വോട്ട് ലഭിച്ചത് ഹാൻസി ഫ്ലിക്കിനാണ്. രണ്ടാമത് ലഭിച്ചത് ലീഡ്സ് യുണൈറ്റഡിന്റെ അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയൽസക്കാണ്. മൂന്നാമത്തേത് ലോപെട്യുഗിക്കും ലഭിച്ചു. പിഎസ്ജി-ബയേൺ താരങ്ങൾക്കാണ് മെസ്സിയുടെ വോട്ടുകൾ ലഭിച്ചിട്ടുള്ളത് എന്ന് മനസ്സിലാവും.

Leave a Reply

Your email address will not be published. Required fields are marked *