ബയേണിനെ തളച്ച് അത്‌ലെറ്റിക്കോ, സിറ്റിക്ക് സമനിലകുരുക്ക്, നിറംമങ്ങിയ വിജയവുമായി ലിവർപൂൾ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചു. നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ 1-1 എന്ന സ്കോറിനാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ആദ്യ അരമണിക്കൂറിനുള്ളിൽ നേടിയ ലീഡ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ 86-ആം മിനുട്ടിൽ കൈവിടുകയായിരുന്നു. 26-ആം മിനുട്ടിൽ ഹാവോ ഫെലിക്സ് ആയിരുന്നു അത്‌ലെറ്റിക്കോ മാഡ്രിഡിന് ലീഡ് നേടികൊടുത്തത്. എന്നാൽ 86-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ തോമസ് മുള്ളർ സമനില പിടിച്ചു വാങ്ങുകയായിരുന്നു. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ബയേൺ എതിരില്ലാത്ത നാലു ഗോളുകൾക്ക്‌ വിജയിച്ചിരുന്നു. എന്നാൽ ആ ഫോം ആവർത്തിക്കാൻ ബയേണിന് കഴിഞ്ഞില്ല. സമനില വഴങ്ങിയെങ്കിലും ബയേൺ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. പതിമൂന്ന് പോയിന്റാണ് ബയേണിന്റെ സമ്പാദ്യം. ആറു പോയിന്റുള്ള അത്‌ലെറ്റിക്കോ മാഡ്രിഡ്‌ രണ്ടാം സ്ഥാനത്താണ്.

ഇന്നലത്തെ മറ്റൊരു മത്സരത്തിൽ പെപ് ഗ്വാർഡിയോളയുടെ സിറ്റിയെ പോർട്ടോ സമനിലയിൽ കുരുക്കി. ഗോൾരഹിതസമനിലയാണ് സിറ്റിക്ക് വഴങ്ങേണ്ടി വന്നത്. സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും സിറ്റിക്ക് ഗോൾ നേടാൻ കഴിയാതെ വരികയായിരുന്നു. 80-ആം മിനുട്ടിൽ ജീസസ് വലചലിപ്പിച്ചുവെങ്കിലും ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ഇപ്പോഴും പോയിന്റ് ടേബിളിൽ സിറ്റി തന്നെയാണ് ഒന്നാമത്. 13 പോയിന്റാണ് സിറ്റിക്കുള്ളത്. പത്ത് പോയിന്റുള്ള പോർട്ടോ രണ്ടാമതാണ്. മറ്റൊരു മത്സരത്തിൽ അയാക്സിനെ ലിവർപൂൾ കീഴടക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവർപൂൾ വിജയം നേടിയത്. 58-ആം മിനുട്ടിൽ കുർട്ടിസ് ജോനസ് നേടിയ ഗോളാണ് ലിവർപൂളിന് തുണയായത്. ഇതുവഴി പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്താനും ലിവർപൂളിന് സാധിച്ചു. 12 പോയിന്റുള്ള ലിവർപൂൾ ഒന്നാമതും എട്ട് പോയിന്റുള്ള അറ്റലാന്റ രണ്ടാമതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *