തന്റെ ഗോൾ മറഡോണക്ക്‌ സമർപ്പിച്ച് ലയണൽ മെസ്സി !

അല്പം മുമ്പ് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക്‌ എഫ്സി ബാഴ്സലോണ ഒസാസുനയെ തകർത്തിരുന്നു. മത്സരത്തിൽ ബാഴ്‌സയുടെ നാലാമത്തെ ഗോൾ നേടിയത് ലയണൽ മെസ്സിയായിരുന്നു. ആ ഗോൾ ലോകത്തോട് വിടപറഞ്ഞ ഇതിഹാസതാരമായ മറഡോണക്ക്‌ സമർപ്പിച്ചിരിക്കുകയാണ് മെസ്സി. ഗോൾനേടിയ ശേഷം താരം നടത്തിയ ആഘോഷത്തിലൂടെയാണ് ആ ഗോൾ മറഡോണക്ക്‌ സമർപ്പിച്ചത്. മെസ്സിക്ക്‌ പുറമേ ഗ്രീസ്‌മാൻ, കൂട്ടീഞ്ഞോ, ബ്രൈത്വെയിറ്റ് എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. മറഡോണക്ക്‌ വേണ്ടി ഒരു മിനുട്ട് മൗനമാചരിച്ചു കൊണ്ടാണ് മത്സരം ആരംഭിച്ചത്.

തുടർന്ന് 73-ആം മിനുട്ടിലാണ് മെസ്സിയുടെ ഗോൾ വരുന്നത്. ട്രിൻക്കാവോയുടെ പാസ് സ്വീകരിച്ച താരം പ്രതിരോധനിര താരങ്ങളെ മാറ്റി ഉജ്ജ്വലഷോട്ടിലൂടെയാണ് വലകുലുക്കിയത്. തുടർന്ന് ബാഴ്സ ജേഴ്സി അഴിക്കുകയും അതിനടിയിൽ ധരിച്ചിരുന്ന ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ പഴയ പത്താം നമ്പർ ജേഴ്സി അണിഞ്ഞു കൊണ്ടാണ് മെസ്സി ഗോളാഘോഷം നടത്തിയത്. ഇരുകൈകളും മേൽപ്പോട്ട് ഉയർത്തി ആ ഗോൾ തന്റെ മുൻ പരിശീലകൻ കൂടിയായ ഇതിഹാസത്തിന് സമർപ്പിക്കുകയായിരുന്നു. മറഡോണ കുറച്ചു മത്സരങ്ങളിൽ ന്യൂവെൽസിന് വേണ്ടി പന്ത് തട്ടിയിരുന്നു. മെസ്സിയുടെ കുട്ടിക്കാലക്ലബ്‌ ആയിരുന്നു ന്യൂവെൽസ്.ആ ഗോളാഘോഷത്തിലൂടെ നിയമം തെറ്റിച്ചതിന് മെസ്സിക്ക് യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തു. ഈ കഴിഞ്ഞ ഇരുപത്തിയഞ്ചാം തിയ്യതിയായിരുന്നു ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി കൊണ്ട് മറഡോണ ലോകത്തോട് വിടപറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *