മെസ്സി സിറ്റിയിലേക്ക്? ഒടുവിൽ നേരിട്ട് പ്രതികരണമറിയിച്ച് പെപ് ഗ്വാർഡിയോള !

എഫ്സി ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ ഒരിക്കൽ കൂടി സജീവമായി കൊണ്ടിരിക്കുകയാണ്. ജനുവരി ട്രാൻസ്ഫർ അടുത്തതോട് കൂടിയാണ് മെസ്സി ബാഴ്സ വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ തിരിച്ചു വന്നത്. കൂടാതെ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള സിറ്റിയുടെ കരാർ പുതുക്കിയതും ഈ വാർത്തകൾ ശക്തമാവാൻ കാരണമായി. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് പെപ് ഗ്വാർഡിയോള. ഒരു ബാഴ്സ ആരാധകൻ എന്ന നിലയിൽ മെസ്സി ബാഴ്സയിൽ തന്നെ തുടരുന്നതും അവിടെ തന്നെ കരാർ അവസാനിപ്പിക്കുന്നതുമാണ് താൻ ഇഷ്ടപ്പെടുന്നത് എന്നാണ് പെപ് അറിയിച്ചത്. എന്നാൽ മെസ്സിയുടെ കരാർ അവസാനിക്കാനിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ മനസ്സിൽ എന്താണ് ഉള്ളതെന്ന് ആർക്കുമറിയില്ലെന്നും ഗ്വാർഡിയോള കൂട്ടിച്ചേർത്തു. ട്രാൻസ്ഫർ ജാലകത്തിന് ഇനിയും മാസങ്ങൾ ഉണ്ടെന്നും അതിന് മുമ്പ് നേടേണ്ട ലക്ഷ്യങ്ങളെ കുറിച്ച് മാത്രമാണ് താൻ ചിന്തിക്കുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പെപ് ഗ്വാർഡിയോള.

” മെസ്സി നിലവിൽ ഒരു ബാഴ്സ താരമാണ്. അദ്ദേഹത്തെ കുറിച്ച് നിങ്ങൾ എന്നോട് അഭിപ്രായം ചോദിക്കുകയാണെങ്കിൽ എനിക്ക് പറയാനുള്ളത് ഇങ്ങനെയാണ്. ബാഴ്സലോണയോട് വലിയ തോതിൽ വിധേയത്വം പുലർത്തുന്ന ഒരാളാണ് ഞാൻ. ഞാൻ അവിടുത്തെ അക്കാദമിയിൽ എത്തിച്ചേർന്നത് മുതൽ എനിക്കെല്ലാം നൽകിയത് ബാഴ്സയാണ്. ഒരു താരമെന്ന നിലയിലും മറ്റെല്ലാ രീതിയിലും അവർ എനിക്കൊരുപാട് നൽകി. അത്കൊണ്ട് തന്നെ എനിക്ക് മെസ്സി അദ്ദേഹത്തിന്റെ കരിയർ അവിടെ പൂർത്തിയാക്കുന്നതാണ് ഇഷ്ടം. ഒരു ബാഴ്സലോണ ആരാധകൻ എന്ന നിലയിൽ എന്റെ ആഗ്രഹം മെസ്സി ബാഴ്സയിൽ തുടരണം എന്നാണ്. പക്ഷെ ഈ വർഷം അദ്ദേഹത്തിന്റെ കരാർ അവസാനിക്കും. ഇനി അദ്ദേഹത്തിന്റെ മനസ്സിൽ എന്താണ് ഉള്ളതെന്ന് ആർക്കുമറിയില്ല. നിലവിൽ അദ്ദേഹം ബാഴ്സ താരമാണ്. ട്രാൻസ്ഫർ മാർക്കറ്റ് തുറക്കാൻ ജൂൺ, ജൂലൈ വരെ സമയമുണ്ട്. അതിന് മുമ്പ് ഞങ്ങൾക്ക്‌ ഞങ്ങളുടെ മത്സരങ്ങളും ലക്ഷ്യങ്ങളുമുണ്ട്. ഇതിൽ കൂടുതലൊന്നും പറയാനില്ല ” പെപ് ഗ്വാർഡിയോള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *