ആ ചാമ്പ്യൻസ് ലീഗ് മത്സരം ഒരു ബയോളജിക്കൽ ബോംബായിരുന്നുവെന്ന് ഇറ്റാലിയൻ മേയർ

ചാമ്പ്യൻസ് ലീഗിൽ നടന്ന അറ്റ്ലാന്റ-വലൻസിയ മത്സരം ഇറ്റലിയിൽ വൻതോതിൽ കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് ഇറ്റലിയിലെ ബെർഗാമോ മേയർ ജിയോർജിയോ ഗോരി. ബെർഗാമോയിൽ വ്യാപകമായി കോവിഡ് പടർന്നുപിടിക്കാൻ പ്രധാനപ്പെട്ട കാരണമായത് ഈ മത്സരമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അറ്റ്ലാന്റയുടെ ഹോം ഗ്രൗണ്ടായ ബെർഗാമോയിൽ 21000 കാണികളെ മാത്രമേ കഴിയുകയൊള്ളൂ എന്നതിനാൽ സാൻസിറോയിൽ വെച്ചായിരുന്നു മത്സരം നടന്നത്. ഇതിനാൽ 40000-ൽ അധികം കാണികളാണ് ഈ ചാമ്പ്യൻസ് ലീഗ് മത്സരം കാണാൻ വന്നത്. ഇവർക്കെല്ലാം തന്നെ കോവിഡ് പടരാൻ ഈ മത്സരം കാരണമായെന്ന് അദ്ദേഹം ആരോപിച്ചു. മുവ്വായിരത്തിലധികം മരണമായിരുന്നു ഈ പരിസരപ്രദേശങ്ങളിൽ സംഭവിച്ചത്. യൂറോപ്പിൽ ഉടനീളം കോവിഡ് പകരാൻ ഈ മത്സരം കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” ആ മത്സരം ഒരു ബയോളജിക്കൽ ബോംബായിരുന്നു. ആ സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അപ്പോഴേക്കും വൈറസ് വ്യാപിച്ചു കഴിഞ്ഞിരുന്നു. സാൻസിറോയിൽ എത്തിയ 40000 പേർക്കും അത് ബാധിക്കുകയായിരുന്നു. വൈറസ് പടരുന്നതിനെ കുറിച്ച് അന്ന് ആർക്കും അറിവില്ലായിരുന്നു. പലരും കൂട്ടംകൂട്ടമായാണ് സഞ്ചരിച്ചതും മത്സരം വീക്ഷിച്ചതും. അത് കൊണ്ട് തന്നെ ഓരോരുത്തരും മറ്റുള്ള വ്യക്തികളുമായി സമ്പർക്കം പുലർത്തി. ഒരുപക്ഷെ യൂറോപ്പിൽ വലിയ തോതിൽ പടരാൻ തന്നെ ഒരു കാരണം ഈ മത്സരമായിരിക്കും ” മാർക്കക്ക് നൽകിയ അഭിമുഖത്തിൽ ഗോരി പറഞ്ഞു. നിലവിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ഇറ്റലി.

Leave a Reply

Your email address will not be published. Required fields are marked *