ചിലവഴിച്ചത് ഒരു മാസം,തിയാഗോ അൽകാന്ററ ബാഴ്സ വിട്ടു!
സ്പാനിഷ് സൂപ്പർ താരമായിരുന്ന തിയാഗോ അൽകാന്ററ കഴിഞ്ഞ നാല് വർഷക്കാലം ലിവർപൂളിലാണ് ചിലവഴിച്ചത്. എന്നാൽ കഴിഞ്ഞ സീസണിൽ കേവലം വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് തിയാഗോക്ക് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. പരിക്ക് കാരണം ദീർഘകാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരികയായിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണോടുകൂടി ലിവർപൂളുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുകയും ചെയ്തു.
വിടാതെ പിന്തുടരുന്ന പരിക്കുകൾ കാരണം ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ തിയാഗോ തീരുമാനിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം എഫ്സി ബാഴ്സലോണയുടെ കോച്ചിംഗ് സ്റ്റാഫിലേക്ക് താൽക്കാലികമായി കൊണ്ട് ജോയിൻ ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ഹാൻസി ഫ്ലിക്കിന്റെ പരിശീലക സംഘത്തിലായിരുന്നു തിയാഗോ അൽകാന്ററ ഉണ്ടായിരുന്നത്.എന്നാൽ അദ്ദേഹം ഇപ്പോൾ ബാഴ്സലോണ വിട്ടിട്ടുണ്ട്.ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഫ്ലിക്ക് ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറയുകയും ചെയ്തിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“തിയാഗോ വിരമിച്ച സമയത്ത് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു.അദ്ദേഹത്തിന് ഒരു മികച്ച പരിശീലകനാവാൻ കഴിയുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.അദ്ദേഹം ടീമിനെ സഹായിച്ചിട്ടുണ്ട്.ഒരു മികച്ച വ്യക്തിയാണ് തിയാഗോ.ഇപ്പോൾ അദ്ദേഹം പോവുകയാണ്. പകരം ലാ മാസിയയിലെ അർനൗ ടീമിനോടൊപ്പം ജോയിൻ ചെയ്യുന്നുണ്ട്.തിയാഗോ തിരിച്ചുവരുമോ ഇല്ലയോ എന്നുള്ളത് എനിക്കറിയില്ല ” ഇതാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.
കുറച്ചുകാലം ഫ്ലിക്കിനൊപ്പം നിന്ന് പരിശീലന രീതികൾ മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് തിയാഗോ കോച്ചിംഗ് സ്റ്റാഫിനോടൊപ്പം ജോയിൻ ചെയ്തിരുന്നത്.ഇനി വേറെ ഏതെങ്കിലും ക്ലബ്ബിലേക്ക് തിയാഗോ പോകുമോ എന്നുള്ളത് വ്യക്തമല്ല.മുൻപ് ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് തിയാഗോ. കൂടാതെ ബയേണിൽ ഫ്ലിക്കിന് കീഴിലും ഈ താരം കളിച്ചിട്ടുണ്ട്.