ക്രിസ്റ്റ്യാനോ വിരമിക്കില്ല, അടുത്ത വേൾഡ് കപ്പും കളിക്കും!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഈ യൂറോകപ്പ് അത്ര നല്ല രീതിയിൽ അല്ല മുന്നോട്ടുപോകുന്നത്. അദ്ദേഹത്തിന്റെ ടീമായ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട് എന്നുള്ളത് ശരി തന്നെ. പക്ഷേ 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ യൂറോകപ്പിൽ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. നാല് മത്സരങ്ങൾ കളിച്ച റൊണാൾഡോ ഒരു അസിസ്റ്റ് മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ നിർണായകമായ ഒരു പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കിയിരുന്നു. മാത്രമല്ല ഫ്രീകിക്കുകളുടെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലുമൊക്കെ റൊണാൾഡോക്ക് പിഴക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയതോർത്ത് അദ്ദേഹം കരയുകയും ചെയ്തിരുന്നു. പിന്നീട് ഗോൾകീപ്പർ ഡിയഗോ കോസ്റ്റയുടെ മികവിലാണ് പോർച്ചുഗൽ വിജയിച്ച് കയറിയത്.
എന്നാൽ ഈ സാഹചര്യങ്ങൾ ഒന്നും തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിറകോട്ട് വലിപ്പിക്കുന്നില്ല.ഈ യൂറോ കപ്പിലെ റിസൾട്ട് എന്തുതന്നെയായാലും കുറച്ച് കാലം കൂടി പോർച്ചുഗീസ് ടീമിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ പദ്ധതി. യൂറോ കപ്പിന് ശേഷം റൊണാൾഡോ വിരമിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ റെലേവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2026 അമേരിക്കയിൽ വെച്ചുകൊണ്ട് വേൾഡ് കപ്പ് അരങ്ങേറുന്നുണ്ട്.ആ വേൾഡ് കപ്പിൽ കൂടി പോർച്ചുഗൽ ടീമിന് വേണ്ടി കളിക്കാനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പദ്ധതി. അതിനുശേഷമായിരിക്കും അദ്ദേഹം വിരമിക്കുക. 41ആമത്തെ വയസ്സിലും തനിക്ക് കളിക്കാൻ കഴിയും എന്നുള്ള ഒരു ശുഭാപ്തി വിശ്വാസത്തിലാണ് താരമുള്ളത്.6 യൂറോ കപ്പുകളിൽ പങ്കെടുക്കുന്ന ആദ്യത്തെ താരം എന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു.ആറ് വേൾഡ് കപ്പുകളിൽ പങ്കെടുക്കുന്ന ആദ്യത്തെ താരം എന്ന റെക്കോർഡ് സ്വന്തമാക്കാൻ റൊണാൾഡോ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.ഏതായാലും നിലവിലെ സൂചനകൾ പ്രകാരം അടുത്ത വേൾഡ് കപ്പിലും നമുക്ക് റൊണാൾഡോയെ കാണാൻ കഴിയും.ഇനി അദ്ദേഹം തീരുമാനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.