കയ്യടിക്കാം മെസ്സിയെന്ന ക്യാപ്റ്റന്,ഡി മരിയയെയും ഓട്ടമെന്റിയേയും ക്ഷണിച്ച് മാതൃകയായി താരം!
ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന കൊളംബിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ സൂപ്പർ താരം ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനക്ക് വിജയവും കിരീടവും സമ്മാനിച്ചത്.ഇതോടെ കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ അർജന്റീനക്ക് സാധിച്ചു.
അവസാനത്തെ 28 മത്സരങ്ങളിൽ ഒന്നിൽ പോലും കൊളംബിയ തോൽവി അറിഞ്ഞിരുന്നില്ല. അത് അവസാനിപ്പിക്കാനും അർജന്റീനക്കായി. പതിനാറാമത്തെ കോപ്പ അമേരിക്ക കിരീടമാണ് അർജന്റീന സ്വന്തമാക്കുന്നത്.മത്സരത്തിന്റെ രണ്ടാം പകുതിയിൽ പരിക്ക് കാരണം ലയണൽ മെസ്സി കളിക്കളം വിട്ടിരുന്നു. അപ്പോൾ ക്യാപ്റ്റന്റെ ആം ബാൻഡ് ഡി മരിയക്ക് കൈമാറുകയായിരുന്നു.പിന്നീട് ഡി മരിയ കളിക്കളം വിട്ട സമയത്ത് ക്യാപ്റ്റന്റെ ആം ബാൻഡ് അദ്ദേഹം നിക്കോളാസ് ഓട്ടമെന്റിക്ക് നൽകുകയായിരുന്നു. ഇങ്ങനെ മൂന്ന് പേരാണ് ഈ മത്സരത്തിൽ അർജന്റീനയെ നയിച്ചത്.
എടുത്ത് പറയേണ്ടത് ഈ മൂന്ന് പേരെയും ലയണൽ മെസ്സി ചേർത്തുനിർത്തി എന്നതാണ്. ട്രോഫി സ്വീകരിച്ചത് ലയണൽ മെസ്സിയാണ്.ആ ട്രോഫി ഉയർത്താൻ മെസ്സി ഡി മരിയയേയും ഓട്ടമെന്റിയേയും ക്ഷണിക്കുകയായിരുന്നു. അങ്ങനെ ഈ മൂന്ന് താരങ്ങളും ചേർന്നുകൊണ്ടാണ് ട്രോഫി ഉയർത്തിയത്. ലയണൽ മെസ്സി എന്ന ക്യാപ്റ്റൻ ഉദാത്ത മാതൃകയാവുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്.
ഡി മരിയ തന്റെ കരിയറിലെ അവസാനത്തെ മത്സരമാണ് ഇപ്പോൾ അർജന്റീനക്ക് വേണ്ടി കളിച്ച് തീർത്തത്. കിരീടം നേടിക്കൊണ്ട് പടിയിറങ്ങാൻ സാധിക്കുന്നു എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ മെസ്സിക്ക് ടൂർണമെന്റിൽ വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞിട്ടില്ല.അതിന്റെ പ്രധാനപ്പെട്ട കാരണം ഫിറ്റ്നസ് പ്രശ്നങ്ങൾ തന്നെയാണ്.പക്ഷേ മെസ്സിയുടെ അഭാവത്തിലും അർജന്റീന നടത്തുന്ന മിന്നുന്ന പ്രകടനം ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.