UCL പിഎസ്ജി നേടും, മെസ്സിയോട് നന്ദിയും പറയും : മുൻ ലെൻസ്‌ ചീഫ്!

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിക്കാൻ ആരംഭിച്ച സൂപ്പർ താരം ലയണൽ മെസ്സിക്ക് ഇതുവരെ തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും മോശമല്ലാത്ത രൂപത്തിലാണ് നിലവിൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ പിഎസ്ജിക്ക് വേണ്ടി ആറ് ഗോളുകളും നാല് അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

ഏതായാലും മെസ്സിയുടെയും പിഎസ്ജിയുടെയും പ്രകടനത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ മുൻ ലെൻസ്‌ ചീഫായ ഗെർവൈസ് മാർട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് മെസ്സിയല്ല ക്ലബുമായി അഡാപ്റ്റാവേണ്ടതെന്നും മറിച്ച് പിഎസ്ജി താരങ്ങൾ മെസ്സിയുമായാണ് അഡാപ്റ്റാവേണ്ടത് എന്നുമാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പിഎസ്ജിക്ക് കഴിയുമെന്നും തുടർന്ന് മെസ്സിയോട് അവർ നന്ദി പറയുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഇദ്ദേഹത്തിന്റെ വാക്കുകൾ പിഎസ്ജി ടോക്ക് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

“തീർച്ചയായും പിഎസ്ജി മെസ്സിയുമായി അഡാപ്റ്റാവേണ്ടതുണ്ട്.എംബപ്പേക്കും മെസ്സിക്ക് ചുറ്റും കളിക്കുന്ന താരങ്ങൾക്കും അദ്ദേഹത്തിലേക്ക് എങ്ങനെ മികച്ച രൂപത്തിലുള്ള പന്തുകൾ എത്തിക്കാം എന്നറിയാവുന്നവരാണ്.ചില സമയങ്ങളിൽ പിഎസ്ജി ടീമിൽ നമുക്കത് കാണാൻ സാധിക്കുന്നുമുണ്ട്.എംബപ്പേയും മെസ്സിയും തമ്മിലുള്ള കെമിസ്ട്രി വർക്കാവുന്നുണ്ട്.ഓഗസ്റ്റ് പത്താം തീയ്യതിയാണ് മെസ്സി പിഎസ്ജിയിൽ എത്തിയത് എന്നുള്ള കാര്യം നിങ്ങൾ മറക്കരുത്.അദ്ദേഹത്തിന് തയ്യാറെടുക്കാൻ സമയം ലഭിച്ചിരുന്നില്ല.പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് ഒരുപാട് മത്സരങ്ങളുണ്ട്.മിന്നുന്ന ഫോമിൽ കളിക്കുന്ന മെസ്സിയെ പിഎസ്ജിയിൽ കാണാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതുവഴി അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ചൂടാൻ കഴിയും. അപ്പോൾ അവർ മെസ്സിയോട് നന്ദി പറയും. അത്കൊണ്ട് തന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പിഎസ്ജി മെസ്സിക്കനുസരിച്ച് മാറേണ്ടതുണ്ട് ” മാർട്ടൽ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പിഎസ്ജിക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. എന്തെന്നാൽ റയലാണ് പിഎസ്ജിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *