സിൽവ കപ്പുയർത്തണമെന്ന് ആഗ്രഹിച്ചിരുന്നു, നിരാശയോടെ മാർക്കിഞ്ഞോസ് പറയുന്നു !

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന പിഎസ്ജിയുടെ സ്വപ്നം ഇപ്പോഴും സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്. ഇന്നലെ നടന്ന ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് നെയ്മറും കൂട്ടരും കിരീടം അടിയറവ് വെച്ചത്. ഗോൾനേടാൻ അവസരമുണ്ടായിട്ടും അത്‌ തുലച്ചു കളഞ്ഞ പിഎസ്ജി അതിന് വലിയ വില നൽകുകയും ചെയ്തു. മറുഭാഗത്താവട്ടെ കൃത്യമായ പദ്ധതികളോടെ കളിച്ച ബയേൺ അർഹിക്കുന്ന കിരീടം തന്നെയാണ് നേടിയത്. ചാമ്പ്യൻസ് ലീഗിലുടനീളം ഉജ്ജ്വലപ്രകടനം നടത്തികൊണ്ടാണ് ബയേൺ കിരീടത്തിൽ മുത്തമിട്ടത്. അതേസമയം ഇന്നലത്തെ മത്സരത്തോട് കൂടി തിയാഗോ സിൽവ പിഎസ്ജി ജേഴ്സി അഴിച്ചു വെച്ചു. എന്നാൽ അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയാത്തതിലുള്ള നിരാശയിലാണ് സഹതാരം മാർക്കിഞ്ഞോസ്. ഏഴുവർഷക്കാലം ഇരുവരും ഒരുമിച്ച് കളിച്ചവരാണ്. ബ്രസീലിലും തന്റെ ഇഷ്ടതാരമായ സിൽവ കിരീടം നേടാനാവാതെ പടിയിറങ്ങുന്നതിന്റെ വേദനയിലാണ് മാർക്കിഞ്ഞോസ്.

മത്സരശേഷം മാർക്കിഞ്ഞോസ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് : ” തിയാഗോ സിൽവ കിരീടം ഉയർത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അത്‌ സാധിച്ചില്ല. ഞങ്ങൾ ഏഴ് വർഷക്കാലം ഇവിടെ ഒരുമിച്ചായിരുന്നു. അദ്ദേഹം എന്റെ ആരാധനാപാത്രമാണ്. എന്റെ കുട്ടിക്കാലം മുതൽക്കേ ഞാൻ അദ്ദേഹത്തെ ആരാധനയോടെയാണ് നോക്കികണ്ടിരുന്നത്. കൂടാതെ അദ്ദേഹമെന്റെ സുഹൃത്താണ്, പങ്കാളിയാണ്, എല്ലാമാണ്. എനിക്ക് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാനായി ” മാർക്കിഞ്ഞോസ് അറിയിച്ചു. ഈ സീസണിൽ ക്ലബ് തന്നെ കൈവിടുകയാണ് എന്ന് മുമ്പ് തന്നെ സിൽവ അറിയിച്ചിരുന്നു. ഏത് ക്ലബിലേക്കാണ് താരം പോവുക എന്നത് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *