2016 മുതൽ മെസ്സിയുടെ പേടി സ്വപ്നമായി ചാമ്പ്യൻസ് ലീഗ്!
ഈ സീസണിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. സമീപകാലത്ത് ബാഴ്സ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ പിഎസ്ജിയിൽ അതിന് ഒരു മാറ്റമുണ്ടാകുമെന്ന് മെസ്സി പ്രതീക്ഷിച്ചു.പിഎസ്ജിയോടൊപ്പം ചാംപ്യൻസ് ലീഗ് കിരീടം നേടണമെന്ന സ്വപ്നവും മെസ്സി പങ്കുവെച്ചിരുന്നു.
പക്ഷെ പിഎസ്ജി ഇത്തവണ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്താവുകയായിരുന്നു.പ്രീ ക്വാർട്ടറിൽ റയലിനോട് പരാജയപ്പെട്ടു കൊണ്ടാണ് പിഎസ്ജി പുറത്തായത്. മെസ്സിയെ സംബന്ധിച്ചെടുത്തോളം 2016 മുതൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഒരു പേടിസ്വപ്നമാണ്. പലപ്പോഴും ആദ്യപാദത്തിൽ മുന്നിട്ടുനിന്നതിന് ശേഷമാണ് മെസ്സിയുടെ ടീമിന് പരാജയം രുചിക്കേണ്ടി വരുന്നത്.
2014/15 സീസണിലാണ് മെസ്സി അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.തൊട്ടടുത്ത സീസണിൽ ക്വാർട്ടർ ഫൈനലിൽ അത്ലറ്റിക്കോയോട് പരാജയപ്പെട്ടു കൊണ്ട് ബാഴ്സ പുറത്തായി.2016/17 സീസണിലാണ് fc ബാഴ്സലോണ പിഎസ്ജിക്കെതിരെ ഐതിഹാസികമായ തിരിച്ചുവരവ് നടത്തിയത്.എന്നാൽ ക്വാർട്ടർ ഫൈനലിൽ യുവന്റസിനോട് പരാജയപ്പെട്ടു കൊണ്ട് മെസ്സിയും സംഘവും പുറത്തായി.
— Murshid Ramankulam (@Mohamme71783726) March 11, 2022
തുടർന്നുള്ള സീസണിൽ റോമയാണ് ബാഴ്സക്ക് വിലങ്ങുതടിയായത്. ആദ്യപാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബാഴ്സ റോമയെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാംപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടു കൊണ്ട് ബാഴ്സ ക്വാർട്ടറിൽ പുറത്തായി. സമാന അവസ്ഥ തന്നെയാണ് അടുത്ത സീസണിലും ബാഴ്സ അനുഭവിച്ചത്. ലിവർപൂളിനോട് ആദ്യപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചുവെങ്കിലും രണ്ടാംപാദത്തിൽ നാല് ഗോളുകൾക്ക് പരാജയപ്പെട്ടു കൊണ്ട് ബാഴ്സ പുറത്തായി.
അതിനുശേഷമാണ് ചാമ്പ്യൻസ് ലീഗിൽ മെസ്സിക്ക് വലിയ നാണക്കേട് ഏൽക്കേണ്ടിവന്നത്. രണ്ടിനെതിരെ 8 ഗോളുകൾക്കാണ് ബാഴ്സ ബയേണിനോട് തകർന്നടിഞ്ഞത്. തൊട്ടടുത്ത സീസണിലും മാറ്റങ്ങൾ ഉണ്ടായില്ല.പിഎസ്ജിയോട് ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയ ബാഴ്സ പ്രീക്വാർട്ടറിൽ പുറത്താകുകയായിരുന്നു. പിന്നീടാണ് മെസ്സി പിഎസ്ജിയിൽ എത്തിയത്. പക്ഷേ ഇത്തവണയും കാര്യങ്ങൾ വ്യത്യസ്തമായില്ല. നാലുതവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ മെസ്സിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങൾ നല്ലതല്ല.അതിന് ഉടൻ അറുതി വരുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.