ഹാട്രിക് നേടാമായിരുന്നിട്ടും പെനാൽറ്റി എംബാപ്പെക്ക്‌ നൽകി, നെയ്മറിന് വലിയ മനസ്സെന്ന് ടുഷൽ !

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു പിഎസ്ജി ഇസ്താംബൂളിനെ തകർത്തു വിട്ടത്. നെയ്മർ ജൂനിയർ ഹാട്രിക്കുമായി കസറിയപ്പോൾ കിലിയൻ എംബാപ്പെ ഇരട്ടഗോളുകളുമായി മിന്നിത്തിളങ്ങിയിരുന്നു. മത്സരത്തിനിടെ ആരാധകരുടെ ഹൃദയം കീഴടക്കുന്ന പ്രവർത്തിയാണ് നെയ്മറുടെ ഭാഗത്തു നിന്നുണ്ടായത്.തനിക്ക് ഹാട്രിക് നേടാമായിരുന്നിട്ടും ലഭിച്ച പെനാൽറ്റി കിലിയൻ എംബാപ്പെക്ക്‌ നൽകി കൊണ്ടാണ് നെയ്മർ ഫുട്ബോൾ ലോകത്തിന്റെ കയ്യടി നേടിയത്.

മത്സരത്തിന്റെ 21, 38 മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെ നെയ്മർ ഹാട്രിക്കിന് അരികിൽ എത്തിനിൽക്കെയാണ് 42-ആം മിനുട്ടിൽ പിഎസ്ജിക്ക്‌ പെനാൽറ്റി ലഭിക്കുന്നത്. നെയ്മറെ വീഴ്ത്തിയതിന് തന്നെയായിരുന്നു പെനാൽറ്റി ലഭിച്ചത്. എന്നാൽ ഹാട്രിക് നേടാമായിരുന്നിട്ടും ആ പെനാൽറ്റി നെയ്മർ എംബാപ്പെക്ക്‌ നൽകുകയായിരുന്നു. ഒമ്പത് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടാനാവാതെ വലയുന്ന എംബാപ്പെ ഈ പെനാൽറ്റി ഗോളിലൂടെ ഗോൾ വരൾച്ചക്ക്‌ വിരാമമിടുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്തു. പിന്നാലെ നെയ്മർ ഹാട്രിക് നേടുകയും എംബാപ്പെ മറ്റൊരു ഗോൾ കൂടി നേടുകയും ചെയ്തു.

ഈ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പിഎസ്ജി പരിശീലകൻ ടുഷൽ. നെയ്മറിന് വലിയ മനസ്സാണ് എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ” അത്‌ മഹത്തായ ഒരു മാതൃകയാണ്. കിലിയൻ എംബാപ്പെയുടെ ചാമ്പ്യൻസ് ലീഗ് ഗോൾവരൾച്ചക്ക്‌ വിരാമമിടാൻ ആണ് നെയ്മർ ആ പെനാൽറ്റി നൽകിയത്. നെയ്മറിന് ഹാട്രിക് നേടാമായിരുന്ന അവസരമാണ് അദ്ദേഹം എംബാപ്പെക്ക്‌ നൽകിയത്. നെയ്മർക്ക്‌ വലിയ മനസ്സാണുള്ളത്. അദ്ദേഹം എപ്പോഴും തന്റെ സഹതാരങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ട്. എംബാപ്പെ ഗോൾ നേടേണ്ടത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നെയ്മർക്ക്‌ നന്നായി അറിയാം ” ടുഷൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *