ഹസാർഡ് ബാഴ്സയിലായിരുന്നുവെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായേനെ:മുൻ ഏജന്റ് പറയുന്നു!

2019-ലായിരുന്നു സൂപ്പർ താരം ഈഡൻ ഹസാർഡ് ഏറെ പ്രതീക്ഷകളോട് കൂടി ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയത്. താരത്തിന് റയലിൽ തിളങ്ങാനായില്ല എന്ന് മാത്രമല്ല പലപ്പോഴും താരം പരിക്കിന്റെ പിടിയിലകപ്പെടുകയും ചെയ്തു. പ്രതാപകാലത്തിന്റെ നിഴലിൽ പോലുമെത്താൻ ഇതുവരെ ഹസാർഡിന് കഴിഞ്ഞിട്ടില്ല. എന്നാൽ ഹസാർഡ് റയലിൽ പോകുന്നതിന് പകരം ബാഴ്സയിലേക്ക് ചേക്കേറിയിരുന്നുവെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി ഹസാർഡ് മാറിയേനെ എന്നഭിപ്രായപ്പെട്ടിരിക്കുകയാണ് ഹസാർഡിന്റെ മുൻ ഏജന്റ് ആയ ജോൺ ബീക്കോ.2013 വരെ സൂപ്പർ താരത്തിന്റെ ഏജന്റ് ആയിരുന്ന ബീക്കോയുടെ വാക്കുകൾ മാർക്കയാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഹസാർഡ് ഒരു വർഷം മുന്നേയെങ്കിലും റയലിൽ എത്തണമായിരുന്നു എന്നും ക്രിസ്റ്റ്യാനോ പോയ റയലിലേക്ക് ചേക്കേറിയത് ഹിമാലയത്തിൽ വെറും കൈകളോടെ പിടിച്ചു കയറുന്നതിന് തുല്യമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.

” ആ സമയത്ത് ഹസാർഡ് റയലിലേക്ക് പോയത് ഒരു പിഴവായിരുന്നു.അതൊരുപക്ഷെ ഹൃദയത്തിൽ നിന്നുള്ള തീരുമാനമായിരിക്കാം. എന്നാൽ അതൊരിക്കലും ശരിയായ തീരുമാനമായിരുന്നില്ല.അദ്ദേഹം ഒരു വർഷം വൈകിയാണ് റയലിലേക്ക് എത്തിയത്.ക്രിസ്റ്റ്യാനോ കളമൊഴിഞ്ഞ റയലിലേക്ക് ചേക്കേറിയത് ഹിമാലയത്തിൽ വെറും കൈകളോടെ പിടിച്ചു കയറുന്നതിനു തുല്യമാണ്.പലരും ക്ലബ്ബിന്റ വലുപ്പമാണ് നോക്കുന്നത്. അല്ലാതെ താൻ ആ ക്ലബ്ബിന് അനുയോജ്യമാവുമോ എന്നുള്ളത് ആരും ശ്രദ്ദിക്കുന്നില്ല.ഹാമിഷ് റോഡ്രിഗസിനെ പോലെയുള്ളവർക്ക് റയലിൽ തിളങ്ങാൻ സാധിച്ചിട്ടില്ല.ഇതുപ്രകാരം ഹസാർഡ് റയലിന് പറ്റിയ ഒരു താരമല്ല. മറിച്ച് കൂടുതൽ യോജിക്കുക ബാഴ്സക്കായിരുന്നു.ബാഴ്സയിലേക്കായിരുന്നു ഹസാർഡ് പോവേണ്ടത്. എന്തെന്നാൽ അവിടെയാണ് താരങ്ങളേക്കാൾ വേഗത്തിൽ പന്ത് മുന്നോട്ട് പോവുക.ബാഴ്സയിൽ ആയിരുന്നുവെങ്കിൽ അദ്ദേഹത്തിന് കൂടുതൽ ഫ്രീഡം ലഭിച്ചേനെ.ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ ഹസാർഡിന് കഴിഞ്ഞേനെ ” ജോൺ ബീക്കോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *