സുപ്രധാന നിയമത്തിൽ മാറ്റം വരുത്തി യുവേഫ!
ഫുട്ബോൾ ലോകം ഒന്നടങ്കം എപ്പോഴും ഉറ്റുനോക്കുന്ന കോമ്പറ്റീഷനുകളാണ് യുവേഫയുടെ കോമ്പറ്റീഷനുകൾ.യുവേഫ ചാമ്പ്യൻസ് ലീഗാണ് ഏറ്റവും കൂടുതൽ ആരാധകരെ ആകർഷിക്കാറുള്ളത്. അതുപോലെതന്നെ യുവേഫ യൂറോപ ലീഗ്,യുവേഫ യൂറോപ കോൺഫറൻസ് ലീഗ് എന്നീ കോമ്പറ്റീഷനുകളും ആരാധകർ ശ്രദ്ധിക്കുന്നതാണ്.യുവേഫയുടെ കോമ്പറ്റീഷനുകളിലെ ഒരു സുപ്രധാന നിയമത്തിൽ ഇപ്പോൾ അവർ ഭേദഗതി വരുത്തിയിട്ടുണ്ട്.
അതായത് ഒരേ ഉടമസ്ഥർ ഉള്ള രണ്ട് ക്ലബ്ബുകൾക്ക് ഇതുവരെ യുവേഫയുടെ ഒരേ കോമ്പറ്റീഷനിൽ പങ്കെടുക്കാനുള്ള അനുമതി ഇല്ലായിരുന്നു. ആ നിയമത്തിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിട്ടുള്ളത്. അതായത് ഒരേ ഉടമസ്ഥരുടെ കീഴിലുള്ള എത്ര ക്ലബ്ബുകൾക്ക് വേണമെങ്കിലും യുവേഫ ഒരേ കോമ്പറ്റീഷനിൽ പങ്കെടുക്കാൻ കഴിയും. നിർണായകമായ ഒരു മാറ്റം തന്നെയാണ് യുവേഫ നടത്തിയിട്ടുള്ളത്.
അടുത്ത സീസൺ മുതൽ ഇത് നടപ്പിലാവും. ഒരേ ഉടമസ്ഥരുടെ കീഴിലുള്ള ആസ്റ്റൻ വില്ല,വിറ്റോറിയ ഗുയ്മിറസ്, അതുപോലെതന്നെ ബ്രയിറ്റൺ,റോയൽ യൂണിയൻ SG, കൂടാതെ AC മിലാൻ,ടുളൂസെ എന്നിവർക്ക് യുവേഫയുടെ ഒരേ കോമ്പറ്റീഷനിൽ അടുത്ത സീസണിൽ കളിക്കാനുള്ള അനുമതി ഇതോടെ ലഭിച്ചു കഴിഞ്ഞു.
New teammates 🤝#UCL pic.twitter.com/W6MNl5LJnt
— UEFA Champions League (@ChampionsLeague) July 7, 2023
മാത്രമല്ല കൂടുതൽ വമ്പൻ ക്ലബ്ബുകളെ വാങ്ങുന്നതിന് ഉടമകളെ സഹായിക്കുന്ന ഒരു നിയമം കൂടിയാണ് ഇത്. ഉദാഹരണത്തിന് പിഎസ്ജിയുടെ ഖത്തർ ഉടമകൾക്ക് വേണമെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെയോ ലിവർപൂളിനെയോ സ്വന്തമാക്കാം. എന്തെന്നാൽ പിഎസ്ജിക്കും യുണൈറ്റഡിനും ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്നതിന് തടസ്സം ഉണ്ടാവില്ല. ഇക്കാലമത്രയും ഉണ്ടായിരുന്ന തടസ്സമാണ് ഇപ്പോൾ യുവേഫ നീക്കം ചെയ്തിട്ടുള്ളത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഉൾപ്പെടെയുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.