സിറ്റി വലിയൊരു പ്രശ്നത്തിൽ: ആശങ്ക പങ്കുവെച്ച് പെപ് ഗാർഡിയോള

ചാമ്പ്യൻസ് ലീഗിലെ ആദ്യ റൗണ്ട് മത്സരത്തിൽ വിജയിക്കാൻ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സെർബിയൻ ക്ലബ്ബായ റെഡ് സ്റ്റാർ ബെല്‍ഗ്രേഡിനെ അവർ തോൽപ്പിച്ചത്. സൂപ്പർ താരം ഹൂലിയൻ ആൽവരസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ റോഡ്രിയുടെ വകയായിരുന്നു. എന്നാൽ സൂപ്പർ താരം ബെർണാഡോ സിൽവക്ക് ഈ മത്സരത്തിനിടെ പരിക്കേറ്റിരുന്നു.

അദ്ദേഹം ഇനി കുറച്ച് ആഴ്ച്ചകൾ പുറത്തിരിക്കേണ്ടി വരും. പരിക്ക് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സൂപ്പർ താരങ്ങളായ കെവിൻ ഡി ബ്രൂയിന,മാറ്റിയോ കോവാസിച്ച്,ജോൺ സ്റ്റോൺസ് എന്നിവരൊക്കെ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.മാത്രമല്ല നിർണായകമായ മത്സരങ്ങളാണ് ഇനി സിറ്റിക്ക് വരാനിരിക്കുന്നത്.അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ ഇപ്പോൾ ഉള്ളത് വലിയ ഒരു പ്രശ്നത്തിൽ തന്നെയാണ്.പക്ഷേ ഒരിക്കലും ഞാൻ ഇത് ഒരു ഒഴിവു കഴിവായി പറയില്ല. ലഭ്യമായ താരങ്ങളെ വച്ച് ഞങ്ങൾ മുന്നോട്ടു പോകും. 5 പ്രധാനപ്പെട്ട താരങ്ങൾ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.ഒരുപാട് കാലം അവർക്കൊക്കെ പുറത്തിരിക്കണം.അത് ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പക്ഷേ ഞങ്ങളുടെ മെന്റാലിറ്റിയാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. അതിനുശേഷം ന്യൂകാസിൽ,വോൾവ്സ്,ആർബി ലീപ്സിഗ്‌,ആഴ്സണൽ എന്നിവരെയാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുക. കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച സിറ്റി തന്നെയാണ് പ്രീമിയർ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *