വ്യത്യസ്ത റെക്കോർഡുകളിൽ ഫെർഗൂസനൊപ്പമെത്തി പെപ്പും ആഞ്ചലോട്ടിയും!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ സെമിഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും സമനിലയിൽ കുരുങ്ങിയിരുന്നു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയറാണ് റയലിന് ലീഡ് നേടിക്കൊടുത്തത്. എന്നാൽ കെവിൻ ഡി ബ്രൂയിന മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സമനില ഗോൾ നേടുകയായിരുന്നു.
ഈ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ഒരൊറ്റ സബ്സ്റ്റിറ്റ്യൂഷൻ പോലും നടത്തിയിട്ടില്ല. സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന ആ താരങ്ങൾ തന്നെയാണ് മത്സരം പൂർത്തിയാക്കിയത്.16 വർഷത്തിനുശേഷമാണ് ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ ഇങ്ങനെ സംഭവിക്കുന്നത്. 16 വർഷങ്ങൾക്കു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ അലക്സ് ഫെർഗൂസൻ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ AC മിലാനെതിരെ ഒരൊറ്റ സബ്സ്റ്റ്യൂഷൻ പോലും നടത്തിയിരുന്നില്ല. ആ കണക്കിനൊപ്പമാണ് ഇപ്പോൾ പെപ് ഗാർഡിയോള എത്തിയിട്ടുള്ളത്.
വിചിത്രമായ കാര്യം എന്തെന്നാൽ അന്ന് ഫെർഗൂസനെതിരെ ഉണ്ടായിരുന്നത് ആഞ്ചലോട്ടിയുടെ AC മിലാനായിരുന്നു.ഇന്ന് പെപ്പിനെതിരെ ഉണ്ടായിരുന്നതും ഇതേ ആഞ്ചലോട്ടി തന്നെയാണ്.
190 – Carlo Ancelotti has equalled Sir Alex Ferguson as the manager with the most games in Champions League history (190 each). Master. pic.twitter.com/GuV0YM0Hsb
— OptaJose (@OptaJose) May 9, 2023
ഈ മത്സരത്തിൽ തന്നെ അലക്സ് ഫെർഗൂസന്റെ മറ്റൊരു റെക്കോർഡിനൊപ്പം ഇപ്പോൾ ആഞ്ചലോട്ടിയും എത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പരിശീലകൻ എന്ന റെക്കോർഡ് ഫെർഗൂസന്റെ പേരിലാണ്.190 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.ആഞ്ചലോട്ടി ഇപ്പോൾ 190 മത്സരങ്ങൾ ചാമ്പ്യൻസ് ലീഗിൽ പൂർത്തിയാക്കി കഴിഞ്ഞു. അടുത്ത രണ്ടാം പാദ സെമി ഫൈനൽ മത്സരം കൂടി കളിച്ചു കഴിഞ്ഞാൽ ആഞ്ചലോട്ടി ഒറ്റയ്ക്ക് ഈ റെക്കോർഡ് സ്വന്തമാക്കും.
4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് തന്റെ കരിയറിൽ ആഞ്ചലോട്ടി സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം രണ്ടു വീതം ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് പെപ് ഗാർഡിയോളയും ഫെർഗൂസനും സ്വന്തമാക്കിയിട്ടുള്ളത്.