വീണ്ടും ചെൽസിയെ തോൽപ്പിച്ച് റയൽ സെമിയിൽ.
ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിലും റയൽ മാഡ്രിഡിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒരിക്കൽ കൂടി ചെൽസിയെ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിലും രണ്ട് ഗോളുകൾക്ക് വിജയിച്ചതിനാൽ അഗ്രിഗേറ്റിൽ ആകെ 4 ഗോളുകളുടെ വിജയം നേടിക്കൊണ്ടാണ് റയൽ മാഡ്രിഡ് സെമിഫൈനൽ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്.
ചെൽസിയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടന്നത്. റയൽ മാഡ്രിഡിനെതിരെ പലപ്പോഴും ചെൽസി മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ ശ്രമിച്ചു. എന്നാൽ ഗോളുകൾ ഒന്നും നേടാൻ ചെൽസിക്ക് സാധിക്കാതെ പോവുകയായിരുന്നു.രണ്ടാം പകുതിയിലാണ് റയലിന്റെ ഗോളുകൾ വന്നത്.58ആം മിനുട്ടിൽ റോഡ്രിഗോയും വിനീഷ്യസും ചേർന്ന് നടത്തിയ മുന്നേറ്റം റോഡ്രിഗോ തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു.
Real Madrid have reached the Champions League semifinals 11 times in the last 13 seasons 🫡 pic.twitter.com/LpjvYFbUUB
— B/R Football (@brfootball) April 18, 2023
പിന്നീട് 80 മിനിട്ടിലാണ് രണ്ടാമത്തെ ഗോൾ പിറന്നത്.റോഡ്രിഗോ തന്നെയാണ് ഈ ഗോൾ നേടിയത്.വാൽവെർദെ നീക്കി നൽകിയ ബോൾ ഫിനിഷ് ചെയ്യേണ്ട ചുമതല മാത്രമേ റോഡ്രിഗോക്ക് ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ രണ്ട് ഗോളുകളുടെ വിജയവും സെമിഫൈനൽ ടിക്കറ്റും റയൽ മാഡ്രിഡ് ഉറപ്പിക്കുകയായിരുന്നു.
മാഞ്ചസ്റ്റർ സിറ്റി-ബയേൺ മ്യൂണിക്ക് മത്സരത്തിലെ വിജയിയാണ് റയൽ മാഡ്രിഡ് സെമിയിൽ നേരിടേണ്ടി വരിക.അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ സിറ്റിയും റയലും ഏറ്റുമുട്ടേണ്ടി വരും. അതേസമയം അവസാനത്തെ നാല് മത്സരങ്ങളിലും ചെൽസി പരാജയപ്പെട്ടത് അവരുടെ ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.