വിഷം വിഴുങ്ങിയ അവസ്ഥയായിരുന്നു,ഇത് എന്റെ ഏറ്റവും വലിയ വിജയം :പെപ് ഗാർഡിയോള പറയുന്നു!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ തകർപ്പൻ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.ഇത്തിഹാദിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി 5-1 ന്റെ വിജയം നേടിയ സിറ്റി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
ഈ തകർപ്പൻ വിജയത്തിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള തന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്റെ ഏറ്റവും വലിയ വിജയമാണ് ഇത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ വർഷം റയലിനോട് പരാജയപ്പെട്ട് പുറത്തായപ്പോൾ വിഷം വിഴുങ്ങിയ അവസ്ഥയായിരുന്നുവെന്നും പെപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep Guardiola 💙 playing against Real Madrid pic.twitter.com/1DNawI9tIZ
— 433 (@433) May 17, 2023
” എതിരാളികളെ പരിഗണിക്കുമ്പോൾ എന്റെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ വിജയമാണ് ഇത്. ഞങ്ങളുടെ മത്സരത്തിന്റെ നിലവാരം വളരെയധികം മികച്ചതായിരുന്നു.ഇത്തരം മത്സരങ്ങൾ കളിക്കുമ്പോൾ ഞങ്ങൾക്ക് ശാന്തതയോടൊപ്പം ടെൻഷനും ഉണ്ടാവാറുണ്ട്.കഴിഞ്ഞ സീസണിൽ ഞങ്ങൾ പുറത്തായ രീതി വളരെയധികം വേദനാജനകമായിരുന്നു.ഒരു വിഷം വിഴുങ്ങിയ അവസ്ഥയായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ റയൽ മാഡ്രിഡിനെ ഇത്തവണ ലഭിച്ചപ്പോൾ ഒരു തകർപ്പൻ വിജയം വേണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ ഞാൻ ഹാപ്പിയാണ് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മൂന്ന് കിരീടങ്ങൾ നേടാനുള്ള ഒരു അവസരം മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നിലുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനെയാണ് സിറ്റിക്ക് നേരിടേണ്ടി വരിക.ജൂൺ പതിനൊന്നാം തീയതിയാണ് ഈ മത്സരം നടക്കുക.