വിനി ബാലൺഡി’ഓർ നേടിയേക്കാം, പക്ഷേ ആറ്റിറ്റ്യൂഡ് മാറ്റണം:റിവാൾഡോ
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക് പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്ലെയർ ഓഫ് ദി വീക്കായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടതും വിനീഷ്യസ് തന്നെയാണ്. മാത്രമല്ല ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം വിനീഷ്യസ് നേടുമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരുന്ന തിങ്കളാഴ്ചയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.
ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ ഇപ്പോൾ വിനീഷ്യസിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ ബാലൺഡി’ഓർ വിനിക്ക് ലഭിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്. എന്നാൽ വിനീഷ്യസ് തന്റെ ആറ്റിറ്റ്യൂഡിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.ബ്രസീലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ദേശീയ ടീമിനോടൊപ്പം മികച്ച പ്രകടനം വിനിക്ക് നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം റയൽ മാഡ്രിഡിൽ നടത്തിയ പ്രകടനം നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ബാലൺഡി’ഓർ ലഭിക്കേണ്ടത് വിനീഷ്യസ് തന്നെയാണ്. അത് അദ്ദേഹം നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷേ വിനീഷ്യസിന്റെ ആറ്റിറ്റ്യൂഡ് ശരിയല്ല. അതിൽ മാറ്റം വരുത്തേണ്ടതുണ്ട്.റഫറിമാരോടും താരങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തണം. വളരെയധികം ഫൗൾ ലഭിക്കുന്ന ഒരു താരമാണ് വിനീഷ്യസ്. പക്ഷേ റഫറിമാരോടും എതിർ താരങ്ങളോടും തർക്കിക്കുന്നത് ഒരിക്കലും നല്ല കാര്യമല്ല. ചില സമയത്ത് അദ്ദേഹത്തിന് നിയന്ത്രണം നഷ്ടമാകുന്നുണ്ട്.മാഡ്രിഡിൽ എത്തിയശേഷം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആറ്റിറ്റ്യൂഡിന്റെ കാര്യത്തിലും അദ്ദേഹം മാറ്റം വരുത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് “ഇതാണ് ബ്രസീലിയൻ ഇതിഹാസം പറഞ്ഞിട്ടുള്ളത്.
ഇനി വിനീഷ്യസ് അടുത്ത മത്സരം ബാഴ്‌സക്കെതിരെയാണ് കളിക്കുക. നാളെ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.രണ്ട് ടീമുകളും തകർപ്പൻ ഫോമിൽ കളിക്കുന്നതിനാൽ ഒരു തീപാറും പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.